കോഴഞ്ചേരി: ശുചിത്വ സംസ്കാരം പ്രോത്സാഹിപ്പിക്കാനും മാലിന്യസംസ്കരണത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കാനുമായി ഇലന്തൂരില്‍ ഡയപ്പര്‍ സംസ്കരണ പ്ലാന്റിനു നിര്‍ദേശം. ഇതാദ്യമായാണ് ജില്ലയില്‍ ഇത്തരമൊരു സംസ്കരണ കേന്ദ്രത്തിനു പദ്ധതി തയാറാക്കിയത്.
ഡയപ്പര്‍, സാനിട്ടറി മാലിന്യം തുടങ്ങിയവ സംസ്കരിക്കുന്നതിന് ശുചിത്വമിഷന്റെ സഹായത്തോടെയാണ് ഒരു കോടി ചെലവില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ജില്ല പഞ്ചായത്ത്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ഏഴ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് പ്ലാന്റ് നിര്‍മാണത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രവര്‍ത്തന ചുമതല ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിനായിരിക്കും. മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മസേന നിലവില്‍ വാങ്ങുന്ന രീതിയിലുള്ള യൂസര്‍ ഫീസ് ഈടാക്കാന്‍ ആലോചിക്കുന്നുണ്ട്. ഡയപ്പര്‍, സാനിറ്ററി പാഡുകള്‍ വേര്‍തിരിച്ച് വീടുകളില്‍ സൂക്ഷിക്കണം.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു പിന്നിലെ ഒരേക്കറോളം സ്ഥലമാണ് പ്ലാന്റിനായി കണ്ടെത്തിയിരിക്കുന്നത്. നേരത്തേ സാമൂഹിക വനവത്കരണത്തിനായി വനം വകുപ്പിന് വിട്ടുനല്‍കിയതാണ് ഭൂമി. പ്ലാന്റ് നിര്‍മിക്കാന്‍ ആവശ്യമായ ഭാഗത്തെ 18 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ജില്ല പഞ്ചായത്ത് മുഖേന വനംവകുപ്പിന് കത്ത് നല്‍കും.
മാലിന്യം സംസ്കരിക്കുമ്പോഴുള്ള പുക മലിനീകരണം തടയുന്നതിനു പ്ലാന്റില്‍ സംവിധാനമുണ്ടാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കറുത്ത പുക ശുദ്ധീകരിച്ച് വെളുത്തതാക്കി പൊക്കമുള്ള കുഴലുകളിലൂടെ പുറത്തേക്കുവിടും. പ്ലാന്റ് നിര്‍മാണത്തിന്റെ ചെലവ് ബ്ലോക്കിനു കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നു വഹിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, ആവശ്യമായ ഫണ്ട് തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് ഗ്രാമപഞ്ചായത്തുകള്‍.
ഇതിനിടെ ഡയപ്പര്‍, സാനിട്ടറി പ്ലാന്റ് നിര്‍മാണത്തിൽ പരിസരവാസികളായ നൂറുപേര് ശുചിത്വ മിഷനു പരാതി നല്കി. പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ വായു മലിനീകരണമുണ്ടാകുമെന്നും മണ്ണും തോടുകളും മലിനമാകുമെന്നുമാണ് പരാതി. ജനവാസ മേഖലയില്‍നിന്ന് പ്ലാന്റ് മാറ്റണമെന്നാണ് ആവശ്യവും ഉയര്‍ന്നു. നേരത്തേ പല സ്ഥലങ്ങളിലും ഇന്‍സിനേറ്റര്‍ സ്ഥാപിച്ചതില്നിന്ന് കറുത്ത പുകയും രൂക്ഷഗന്ധവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്ലാന്റ് നിര്‍മാണം സംബന്ധിച്ച് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും ഏകകണ്ഠമായ അഭിപ്രായമില്ല. പ്രതിപക്ഷ അംഗങ്ങള്‍ പദ്ധതിയെ എതിര്‍ത്തിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പ്ലാന്റിനായി വിട്ടുനല്‍കുന്നതിനും എതിര്‍പ്പുണ്ടായി. ഭരണസമിതിയുടെ അവസാനഘട്ടത്തില്‍ ഏറ്റെടുക്കുന്ന പദ്ധതിയുടെ ഗുണദോഷവശങ്ങള് പഠിക്കേണ്ടതുണ്ടെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായം. പദ്ധതി നിര്‍ദേശമായി അംഗീകരിക്കാമെന്നും അടുത്ത ഭരണസമിതി നടപ്പാക്കട്ടേയെന്ന അഭിപ്രായവും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ രേഖപ്പെടുത്തി.
വായു മലിനീകരണം അടക്കം വിഷയങ്ങളില്‍ പ്രദേശവാസികളുടെ ആശങ്ക മുഖവിലയ്ക്കെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, പരാതിയില്‍ അടിസ്ഥാനമില്ലെന്ന് എല്ലാ വശവും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി പറഞ്ഞു.
ജനവാസ മേഖലയില്‍ പ്ലാന്റ് നിര്‍മിക്കുന്നത് രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമായ അജി അലക്സ് പറഞ്ഞു. പ്ലാന്റ് നിര്‍മാണം അടുത്ത ഭരണസമിതിക്കു വിടുന്നതാണ് നല്ലതെന്നും അജി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.