കോഴഞ്ചേരി: അശാസ്ത്രീയമായ നദീസംരക്ഷണ പദ്ധതിയിലൂടെ ജലസേചന വകുപ്പ് വെള്ളത്തില്‍ കളയുന്നത് ശതകോടികള്‍. വിവിധ നിർമാണ പ്രവര്‍ത്തനങ്ങളിലൂടെ നദിയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുക മാത്രമല്ല നദീശോഷണത്തിനുവരെ ഇത് വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ പമ്പാനദിയില്‍ നടന്നത്. ഇനിയും ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള നീക്കത്തിലാണ് ജലസേചന വകുപ്പ്.
1997ലാണ് പമ്പാനദിയിലെ മാരാമണ്‍ മണല്പുറ സംരക്ഷണം എന്ന പേരില്‍ കൽക്കെട്ട് പദ്ധതിയുമായി അന്നത്തെ ഇടതു സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ജലസേചന മന്ത്രിയായിരുന്ന ബേബി ജോണ്‍ പ്രത്യേക താൽപര്യം എടുത്ത് നടപ്പാക്കാനൊരുങ്ങിയ ഈ പദ്ധതിക്കെതിരെ വന്‍ പ്രക്ഷോഭം ആറന്മുള കേന്ദ്രീകരിച്ച് നടന്നിരുന്നു. പമ്പാനദിയുടെ നീരൊഴുക്കിനെ പദ്ധതി തടസ്സം സൃഷ്ടിക്കുമെന്ന് പരിസ്ഥിതി വിഗദ്ധർ ചൂണ്ടിക്കാട്ടി. പള്ളിയോടങ്ങളുടെ സഞ്ചാരത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സംഘ്പരിവാർ സംഘടനകളും പ്രക്ഷോഭം നടത്തി. എന്നാല്‍, അന്നത്തെ ആറന്മുള എം.എല്‍.എയും കവിയുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന് പദ്ധതിക്ക് പ്രത്യേക താൽപര്യം എടുത്തതോടെ എതിര്‍പ്പുകളെ അവഗണിച്ച് മാരാമണ്‍ മണല്പുറ സംരക്ഷണം എന്ന പേരില്‍ മണല്പുറത്തിന് ചുറ്റും നദിയുടെ അടിത്തട്ടില്‍നിന്നും ആറടി ഉയരത്തില്‍ കല്‍കെട്ട് നിർമിച്ചു. കാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ന് മാരാമണ്‍ മണല്പുറം എന്നത് ഓര്‍മയായി അവശേഷിക്കുന്നു. കല്‍കെട്ട് വന്നതോടെ മണല്പുറത്തിനു മേല്‍ ചളിവന്നടിഞ്ഞു. ഇന്ന് ചളിപ്പുറത്താണ് കൺവെന്ഷന് നടക്കുന്നത്. ഓരോ വര്‍ഷവും ചളി നീക്കാൻ മാര്‍ത്തോമ സഭ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍.
പമ്പാനദിയെ തോടാക്കി മാറ്റിയ മറ്റൊരു ജലസേചന വകുപ്പ് പദ്ധതിയാണ് ആറന്മുള വാട്ടര്‍ സ്റ്റേഡിയം നിർമാണം. 1997ലായിരുന്നു ഈ പദ്ധതിയുടെയും തുടക്കം. പമ്പാ നദിക്ക് 250 മീറ്റര്‍ വീതിയുള്ള ആറന്മുളയില് ഉതൃട്ടാതി ജലമേളയുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ടാണ് ജലസേചന വകുപ്പ് വാട്ടര്‍ സ്റ്റേഡിയം വിഭാവനം ചെയ്തത്. ഇതിനായി അടിത്തട്ടില്‍നിന്ന് മണല്‍ ഖനനം ചെയ്ത് മാറ്റി. അതോടെ ആഭാഗത്ത് നദിയുടെ ആഴം വര്‍ധിച്ചു. നദീജലം അതോടെ ആഴമേറിയ ഭാഗത്തേക്ക് കേന്ദ്രീകരിച്ചു.
നദി നിറഞ്ഞൊഴുകിയ ഭാഗം ഇന്ന് കരയായി. ഈ ഭാഗം വെള്ളപ്പൊക്ക കാലത്ത് മാത്രമാണ് ഇപ്പോള്‍ മുങ്ങുന്നത്. അതോടെ മത്സര വള്ളംകളി കൂടുതല്‍ അവതാളത്തിലായതായി പള്ളിയോട സേവാസംഘം പ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ തെക്കേ കരയായ ക്ഷേത്രകടവിന് മുകളിലും താഴെയും പുറ്റുകള്‍ വളരുകയും ചെയ്തു.
നദിയില്‍ തിട്ട ഇടിയുന്ന ഭാഗം നോക്കി സംരക്ഷണഭിത്തി കെട്ടുന്നതിലൂടെ വീണ്ടും കോടികളാണ് ജലസേചന വകുപ്പ് പാഴാക്കുന്നത്. നദിയുടെ പ്രവാഹ രീതി വിലയിരുത്തിയ ശേഷം മാത്രമേ ഇത്തരത്തിലുള്ള നിർമാണം പാടുള്ളൂവെന്ന് പമ്പാ പരിരക്ഷണ സമിതി കാലങ്ങളായി നിർദേശിച്ചതാണ്. പക്ഷേ, ജലസേചന വകുപ്പ് ഇതൊന്നും പാലിക്കാറില്ല. തീര സംരക്ഷണത്തിന്, വേരോട്ടമുള്ള ആറ്റുവഞ്ചി, മുള എന്നിവ വെച്ചുപിടിപ്പിക്കുക എന്നതാണ് ശാസ്ത്രീയമായ രീതി. എന്നാല്‍, ഇത് അടുത്തിടെ മാത്രമാണ് പ്രയോഗിച്ച് വരുന്നത്.
ലക്ഷങ്ങള്‍ വെള്ളത്തില്‍ കലക്കിയ മറ്റൊരു പദ്ധതിയാണ് കടവ് സംരക്ഷണം. സ്വാഭാവികമായി രൂപപ്പെട്ടിരുന്ന കടവുകളില്‍ നാട്ടുകാര്‍ സൗകര്യപൂര്‍വം കുളിക്കുകയും അലക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ആ കടവുകള്‍ എല്ലാം കല്ലുകള്‍ ഉപയോഗിച്ച് കെട്ടി ഉപയോഗശൂന്യമാക്കി. 2001 വരെ ഈ കടവ് ശുദ്ധമായി നിലനിന്നിരുന്നു. തുടര്‍ന്ന് പലതവണ കടവ് സംരക്ഷണമെന്ന പേരില്‍ ഇവിടെ കൽക്കെട്ടുകള്‍ നിർമിച്ചു. നിർമാണത്തിലെ അപാകതമൂലം ഈ കൽക്കെട്ടുകള്‍ പ്രളയത്തില്‍ പൊളിഞ്ഞുപോയി. ചളിവന്ന് അടിഞ്ഞതോടെ കടവുകളിലേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ. അടുത്തിടെ ഈ കടവില്‍ വീണ്ടും കല്ല് ഉപയോഗിച്ച് പടികള്‍ നിർമിച്ചു. ചളി മൂടി ഈ കൽക്കെട്ടുകള്‍ വൈകാതെ അപ്രത്യക്ഷമാകും.
വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തുന്ന ചളി നിറഞ്ഞ് നദിയില്‍ പുറ്റുകള്‍ രൂപപ്പെടുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നം. നദിയുടെ ആഴം കുറഞ്ഞ ഭാഗത്താണ് ഈ പ്രതിഭാസം നടക്കുന്നത്. വര്‍ഷംതോറും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള ഇത്തരം പുറ്റുമാറ്റലിന് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമല്ല. ഒരുഭാഗത്തെ പുറ്റ് നീക്കം ചെയ്യുമ്പോള്‍ ചളി വെള്ളത്തിലൂടെ ഒഴുകി മറ്റൊരിടത്ത് പുറ്റ് സൃഷ്ടിക്കുന്നു എന്നതാണ് പ്രശ്നം. നദിയുടെ അടിത്തട്ടില്‍ മണല്‍ അടിയാനുള്ള അവസരം നല്കിയാല് ഇത്തരം പുറ്റുകള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. ഇടയാറന്മുള വള്ളപ്പുര കടവിന് സമീപം മണ്ണുമാന്തി ഉപയോഗിച്ച് പുറ്റു നീക്കംചെയ്യുന്നുണ്ട്. മഴയില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കരയില്‍ കൂട്ടിയിട്ടിരിക്കുന്ന ചളി വെള്ളത്തില്‍ കലര്‍ന്ന് താഴേക്ക് ഒഴുകുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇത് മറ്റൊരിടത്ത് പുറ്റ് രൂപപ്പെടാന്‍ ഇടയാക്കും.
എതാണ്ട് 50 വര്‍ഷം മുമ്പാണ് ഒരു ആവശ്യവുമില്ലാതെ പമ്പാ നദിയുടെ വിവിധ ഭാഗങ്ങളില്‍ പുലിമുട്ടുകള്‍ നിർമിച്ചത്. ഒരു ഗുണവും ഈ പദ്ധതിമൂലം ഉണ്ടായില്ലെന്നു മാത്രമല്ല ഒഴുക്കിനെപ്പോലും ഇത് പ്രതികൂലമായി ബാധിച്ചു. ചില മേഖലയില്‍ മറുകര നദിയിലേക്ക് ഇടിഞ്ഞു താഴാനും പദ്ധതി കാരണമായി.
ആറന്മുളക്ക് കിഴക്ക് പരപ്പുഴ മണല്പരപ്പില് നിർമിച്ച പുലിമുട്ടുമൂലം നദി വഴിമാറി ഒഴുകുന്നതിന് കാരണമായി. ഇപ്പോള്‍ നദി ഒഴുകുന്നിടത്തുനിന്നും 150 മീറ്റര്‍ അകലെയാണ് പുലിമുട്ട്. തോട്ടപുഴശ്ശേരിയില് നിർമിച്ച രണ്ട് പുലിമുട്ടുകളും ഇന്ന് കാണാനില്ല.
നദിയിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെച്ച് പ്രകൃതിദത്ത സമീപനം സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ നദിയിലെ പുറ്റ് മാറ്റാൻ ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്നും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.