കോഴഞ്ചേരി: ആചാരപരമായ തോണിയാത്രക്ക് തിങ്കളാഴ്ച തുടക്കം. തിരുവോണ നാളിൽ ആറന്മുള ക്ഷേത്രത്തിലേക്കുള്ള ഓണസദ്യ വിഭവങ്ങളുമായി തിരുവോണത്തോണി ഉത്രാട സന്ധ്യയിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽനിന്ന് പമ്പാനദിയിലൂടെ യാത്ര തിരിക്കും. പമ്പയിലെ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നിട്ടുണ്ടെങ്കിലും തോണിയാത്ര ആചാരപ്രകാരം നടക്കും. മങ്ങാട്ട് ഭട്ടതിരിയാണ് തോണിയാത്രക്ക് നായകത്വം വഹിക്കുന്നത്. ഇതിനായി കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം രവീന്ദ്രബാബു ഭട്ടതിരി ചുരുളി വള്ളത്തിൽ ആറന്മുളയിൽ എത്തി. തിങ്കളാഴ്ച രാവിലെ തോണി മൂക്കന്നൂർ കടവിലെത്തിച്ച് കഴുകി വൃത്തിയാക്കും. തുടർന്ന് കാട്ടൂർ ക്ഷേത്രക്കടവിൽ എത്തിക്കും. ക്ഷേത്രക്കടവിൽ എത്തുന്ന ഭട്ടതിരിയെ ഭാരവാഹികൾ സ്വീകരിക്കും. ആറന്മുള ക്ഷേത്രത്തിൽനിന്ന് ചോതി നാളിൽ എത്തിച്ച നെല്ല് കുത്തിയ അരി ഉൾപ്പെടെ സാധനങ്ങളാണ് തോണിയിൽ കൊണ്ടുപോകുക.
കാട്ടൂർ ക്ഷേത്രം മേൽശാന്തി പകർന്ന് നൽകുന്ന ദീപം ഭട്ടതിരി തോണിയിലെ പ്രത്യേക മണ്ഡപത്തിൽ സൂക്ഷിക്കും. തുടർന്ന് ഭട്ടതിരിയും 18 കുടുംബങ്ങളിലെ പ്രതിനിധികളുമായി തിരുവോണത്തോണി വൈകീട്ട് ആറരയോടെ കാട്ടൂരിൽനിന്ന് ആറന്മുളയിലേക്ക് നീങ്ങും. പള്ളിയോടങ്ങൾ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കും. അയിരൂർ, മേലുകര, കോഴഞ്ചേരി വഴിതിരുവോണ നാൾ പുലർച്ച ആറന്മുള ക്ഷേത്രക്കടവിൽ എത്തും. തോണിയിലെ ദീപം ആറന്മുള ക്ഷേത്ര കെടാവിളക്കിലേക്ക് പകരും.
തോണിയിൽ എത്തിച്ച വിഭവങ്ങൾ സമർപ്പിക്കും. ക്ഷേത്രത്തിൽ തിരുവോണ നാളിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്ത് അത്താഴപൂജ കഴിഞ്ഞ് ചെലവ് മിച്ചം പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ഭട്ടതിരി കുമാരനല്ലൂരിലേക്ക് കരമാർഗം മടങ്ങും. ആചാര അനുഷ്ഠാനങ്ങൾ നടത്തേണ്ട പരികർമികൾ, വാദ്യമേളക്കാർ, ദേവസ്വം ജീവനക്കാർ തുടങ്ങിയവരും ആറന്മുള യാത്രയിൽ പങ്കെടുക്കും. ആറന്മുളയിൽനിന്ന് തിരുവോണത്തോണി ഞായറാഴ്ച രാവിലെ കാട്ടൂരിലേക്ക് പുറപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ പന്തീരടി പൂജക്ക് ശേഷം നിവേദ്യവും പ്രസാദവുമായാണ് തോണി കാട്ടൂരിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.