കോഴഞ്ചേരി: മാരാമൺ ബാറിന്റെ പാർക്കിങ് ഏരിയയിൽ യുവാക്കളെ ആക്രമിച്ച കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി പുലൂർവീട്ടിൽനിന്ന് വരയന്നൂർ സാബുവിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന എബി അൽഫോൻസ് (30), തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് മേച്ചിറയിൽ വീട്ടിൽ ഷെറിൻ ജോയ് (34), കുറിയന്നൂർ കുഴിമണ്ണിൽ സെബാസ്റ്റ്യൻ (34) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകീട്ട് ഏഴിന് ശേഷം ബാറിന്റെ പാർക്കിങ് സ്ഥലത്താണ് സംഭവം. സുഹൃത്തുക്കളായ നാരങ്ങാനം നോർത്ത് അഞ്ചുതോട് കുഴിത്തടത്തിൽ അരുൺ (25), റോഷൻ, അനൂപ് എന്നിവർക്കാണ് മർദനമേറ്റത്. റോഷനെയും അനൂപിനെയും ഉപദ്രവിക്കുന്നത് കണ്ട് തടസ്സം പിടിച്ചപ്പോഴാണ് അരുണിനെ സൈക്കിൾ ചെയിനും സോഡകുപ്പിയുംകൊണ്ട് ആക്രമിച്ചത്. അക്രമികളിൽനിന്ന് രക്ഷപ്പെടാൻ ഇവർ കാറിൽ കയറിയപ്പോൾ കാറിന്റെ കണ്ണാടി അടിച്ചുപൊട്ടിച്ചു. അരുണിന്റെ തലക്കും വലതുകൈവിരലുകൾക്കും ആഴത്തിൽ മുറിവേറ്റു. തുടർന്ന് ഇയാൾ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ ഉടൻ പിടികൂടുകയായിരുന്നു.
ഒന്നാം പ്രതിയെ വരയന്നൂരിൽനിന്നും രണ്ടാം പ്രതിയെ മേച്ചിറയിൽനിന്നും പിടികൂടിയപ്പോൾ, മൂന്നാം പ്രതിയെ കുറിയന്നൂർനിന്നാണ് കസ്റ്റഡിയിലെടുത്തത്. കോയിപ്രം പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ, എസ് ഐ മുഹ്സിൻ മുഹമ്മദ്, സിപി ഓമാരായ ശ്രീജിത്ത്, ശശികാന്ത്, വിപിൻ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.