പത്തനംതിട്ട: ജില്ലയുടെ വികസനരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാനുള്ള അവസരമായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഉപയോഗപ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍. പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലെത്തിയതോടെ പൊതുരംഗത്തുനിന്നുള്ള ഇടപെടല്‍ കുറയുമെന്ന ചിന്തയില്ല. ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും ചിറ്റയം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നുണ്ട്. കാർഷിക ജില്ലയായ പത്തനംതിട്ടയിൽ ഇതുമായി ബന്ധപ്പെട്ട വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പരിശ്രമം ഉണ്ടാകും. ജില്ലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളില്‍ ശാശ്വത പരിഹാരത്തിനു ശ്രമമുണ്ടാകും. നെല്‍കൃഷിയില്‍ വര്‍ധനയുണ്ടായെങ്കിലും വിളവെടുപ്പ് പൂര്‍ണമായില്ല. കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടായി. ചെറിയ മഴ പെയ്താല്‍പോലും വെള്ളം കയറി കൃഷി നശിക്കുന്ന സാഹചര്യമുണ്ടാകുന്നു. നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കു പരിഹാര നിര്‍ദേശങ്ങളടങ്ങിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കി സര്‍ക്കാറിനു നല്‍കും.
ഐ.ടി മേഖലയിലെ ഉപരിപഠനത്തിനു ജില്ലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകണം. തീര്‍ഥാടന ടൂറിസം പദ്ധതികളും അനിവാര്യമാണ്. അടൂരില്‍ എല്‍.ഡി.എഫിനു വോട്ട് കുറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പഠിച്ചുവരുകയാണ്. 2016 നിയമസഭ തെരഞ്ഞെടുപ്പിലും 2019 ലോക്സഭ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകളില്‍നിന്ന് വന്‍കുറവാണ് ബി.ജെ.പിക്ക് മണ്ഡലത്തിലുണ്ടായത്. ഇത്തരത്തില്‍ പലവിധമായ കാരണങ്ങളുണ്ട്. ഇതു കണ്ടെത്തി വരുകയാണെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ മനസ്സിലുണ്ട്. ഇവയില്‍ പലതും തുടക്കം കുറിച്ച പദ്ധതികളാണ്.
ജനറല്‍ ആശുപത്രിയില്‍ സമഗ്രവികസന പ്രക്രിയ നടന്നുവരുകയാണ്. പുതിയ ബ്ലോക്കിന് 14.5 കോടി യാണ് അനുവദിച്ചത്. ഇത് പൂര്‍ത്തിയായാല്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരെ കൂടുതലായി നിയോഗിക്കും. ഓക്സിജന്‍ പ്ലാൻറിനുള്ള നടപടികളും നടന്നുവരുന്നു. പന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രം ജനറല്‍ ആശുപത്രിയായി ഉയര്‍ത്താനുള്ള നിര്‍ദേശമുള്ളതാണ്. സാങ്കേതികമായി ഇതിനുള്ള തടസ്സങ്ങള്‍ പരിശോധിച്ചുവരുകയാണ്.
ആംബുലന്‍സ് ഇല്ലാത്ത എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കും എം.എല്‍.എ ഫണ്ടില്‍നിന്നുതന്നെ ഇതു ലഭ്യമാക്കും. പന്തളം ബൈപാസ് നടപടികളും വേഗത്തിലാക്കും. അടൂരില്‍ സാംസ്കാരിക സമുച്ചയം ഉണ്ടാകണമെന്നുള്ള ലക്ഷ്യം എത്രയും വേഗം സഫലീകരിക്കും. മണ്ണടി വേലുത്തമ്പി ദളവ സ്മാരകം അന്താരാഷ്ട്ര പഠനകേന്ദ്രമായി ഉയര്‍ത്താനുള്ള ശ്രമങ്ങളും നടത്തിവരുന്നു. അടൂരില്‍ ഒരു ശാസ്ത്ര കേന്ദ്രം നിര്‍മിക്കണമെന്ന് താൽപര്യമുണ്ട്. ചേന്നംപുത്തൂര് കോളനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റവന്യൂ, ഭവനനിര്‍മാണ വകുപ്പുകളുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പ്രസ്ക്ലബ് വൈസ് പ്രസിഡൻറ് ജി. വിശാഖന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യന് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.