പത്തനംതിട്ട: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ കെ.പി.സിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ശനിയാഴ്ച പത്തനംതിട്ടയിൽ എത്തിച്ചേരും.യാത്രക്ക് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട് 3.30 ന് ജില്ല അതിർത്തിയായ ഇടിഞ്ഞില്ലത്ത് ഡി.സി.സി യുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിക്കും. 4.30 ന് പത്തനംതിട്ട ആലുക്കാസ് ജംഗ്ഷനിൽ നിന്നും കായികതാരങ്ങൾ, സേവാദൾ വോളണ്ടിയർമാർ, മ്യൂസിക് ബാൻഡ്, ചെണ്ടമേളങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവരുടെ അകമ്പടിയോടെ കെ.പി.സി.സി പ്രസിഡൻറിനെയും പ്രതിപക്ഷ നേതാവിനെയും തുറന്ന വാഹനത്തിൽ ഘോഷയാത്രയായി സ്വീകരണ സമ്മേളന വേദിയായ പഴയ സ്വകാര്യ ബസ്സ് സ്റ്റാന്റിലേക്ക് ആനയിക്കും.
തുടർന്ന് നടക്കുന്ന സമ്മേളനം തെലുങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാർക്ക് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ആന്റോ ആന്റണി എം.പി അധ്യക്ഷതവഹിക്കും.
ജില്ലയിലെ 75 മണ്ഡലങ്ങളുടെ നേതൃത്വത്തിൽ ആയിരത്തി എഴുപത്തിയെട്ട് ബൂത്തുകളിൽ നിന്നായി പ്രവർത്തകർ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.
സമരാഗ്നിയോടനുബന്ധിച്ച് 26 ന് രാവിലെ 10 ന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ ജനകീയ ചർച്ച സദസ്സ് നടക്കും. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശ്നങ്ങൾ നേരിടുന്ന സാധാരണ പൊതുജനങ്ങൾ, കർഷകർ, കർഷക തൊഴിലാളികൾ. വന്യമൃഗ ആക്രമണത്തിന്റെ ഇരകൾ, ക്ഷേമപെൻഷൻ ലഭിക്കാത്തവർ. വേതനം ലഭിക്കാത്ത സർക്കാർ ജീവനക്കാർ, ഓട്ടോ- ടാക്സി തൊഴിലാളികൾ, പ്രവാസികൾ, ചെറുകിട, വഴിയോര കച്ചവടക്കാർ, വ്യവസായികൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ പങ്കെടുക്കും. ചർച്ച സദസ്സിൽ കെ.പി.സി.സി പ്രസിഡൻറ്, പ്രതിപക്ഷനേതാവ് എന്നിവരും പങ്കെടുക്കും.
സ്വാഗത സംഘം ഭാരവാഹികളായ അഡ്വ. എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ, സജി കൊട്ടയ്ക്കാട് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.