പത്തനംതിട്ട: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന്റെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സർവേക്ക് തുടക്കമായി. ഹരിത കർമസേനയുമായി ചേർന്ന് ജൈവ മാലിന്യ സംസ്കരണം വീടുകളിൽ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സർവേ ഈ മാസം 12 വരെ തുടരും.
സ്വന്തംവീട്ടിൽ സർവേക്ക് തുടക്കമിട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. അടൂർ നഗരസഭ ചെയർപേഴ്സൻ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റെ മുന്നോടിയായി മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന്റെ സ്ഥിതിവിവരം തിട്ടപ്പെടുത്തേണ്ടതുണ്ട്. ഇതിലേക്കായി ജൈവമാലിന്യ സംസ്കരണത്തിന് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധികൾ സംബന്ധിച്ച വിവരം ശേഖരിക്കും. ഹരിതമിത്രം ആപ്ലിക്കേഷൻ മുഖേനയാണ് വിവരശേഖരണം നടത്താൻ സർക്കാർ തീരുമാനിച്ചത്. ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ അവസ്ഥാപഠനവും ഹരിതമിത്രം എൻറോൾമെന്റും നൂറു ശതമാനം എത്തിക്കുന്നതിന് സമയബസ്ഥിത പ്രവർത്തനമാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇത് യഥാസമയം പൂർത്തിയാക്കുന്നതിന് ജില്ലതലത്തിൽ ജോ. ഡയറക്ടറുടെ നേതൃത്വത്തിൽ ഐ.കെ.എം, ശുചിത്വ മിഷൻ, കടുംബശ്രീ മിഷൻ ഏജൻസികളുടെ ജില്ലതല ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടീം രൂപവത്കരിച്ചിട്ടുണ്ട്.
ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനക്ഷമതയും വ്യാപനവും വിലയിരുത്തണമെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജൈവമാലിന്യ പരിപാലനത്തിൽ പരമാവധി ഉറവിട സംസ്ക്കരണം ഉറപ്പാക്കുന്നതിനും അതിന് കഴിയാതെ വരുന്നിടങ്ങളിൽ സാമൂഹിക തലത്തിൽ ജൈവമാലിന്യ സംസ്ക്കരണ സംവിധാനം സജ്ജീ കരിക്കുന്നതിനുമാണ് തദേശ സ്ഥാപനങ്ങൾ ശ്രമിക്കുന്നത്.
അടൂർ സി.ഡി.എസ് ചെയർപേഴ്സൻ വത്സല കുമാരി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ബീന ബാബു, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ രമേശ് കുമാർ, വാർഡ് കൗൺസിലർമാരായ അപ്സര സനൽ, അനു വസന്തൻ, രജനി രമേശൻ, ശുചിത്വമിഷൻ കോഓഡിനേറ്റർ അജിത് കുമാർ, സിറ്റി മിഷൻ മാനേജർ സുനിത വി., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ എലിസബത്ത് കൊച്ചിൽ, ബ്ലോക്ക് കോഓഡിനേറ്റർ സുരേഖ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.