കോന്നി: എഫ്.സി.ഐ ഗോഡൗണിൽ അരി കാണാതായ സംഭവത്തിൽ റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കാൻ കെ.യു. ജനീഷ് കുമാർ എം.എൽ.എ എം.എൽ.എ നിർദേശം നൽകി. ഗോഡൗണിൽനിന്ന് കൊണ്ടുപോയി റേഷൻ കടകളിൽ ഇറക്കുന്ന അരിയുടെയും മറ്റ് ധാന്യങ്ങളുടെയും അളവിൽ കുറവ് വരുന്നത് പരിഹരിക്കാൻ കടകളിൽ തന്നെ തൂക്കി നോക്കി അട്ടിവെക്കും.
തൂക്കത്തിൽ കുറവ് വരുന്ന സാധനങ്ങൾ വാഹനത്തിൽ തന്നെ സൂക്ഷിക്കാനും നിർദേശിച്ചു. പഴകിയ ഭക്ഷ്യവസ്തുക്കൾ റേഷൻ കടകളിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൃത്യമായ മോണിറ്ററിങ് യോഗങ്ങൾ ചേരും. ഈ യോഗങ്ങൾ എല്ലാ മാസവും തുടരുന്നതിനും തീരുമാനിച്ചു. അരിലോറി സമരം തീരുന്ന മുറക്ക് ഓരോ മാസവും രണ്ട് ഘട്ടമായി റേഷൻ കടകളിൽ വാതിൽപടി വിതരണവും നടത്തും. എല്ലാ മാസവും പത്ത് ദിവസത്തിനുള്ളിൽ വാതിൽ പടി വിതരണം പൂർത്തിയാക്കാനും തീരുമാനിച്ചു.
റേഷൻ ഡീലേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കോന്നി സപ്ലൈകോ വാതിൽപടി വിതരണ കേന്ദ്രത്തിൽ എം.എൽ.എ, ഡി.ടി.ഒ ദിലീപ് കുമാർ, കോന്നി താലൂക്ക് സൈപ്ല ഓഫിസർ ഹരീഷ് കെ. പിള്ള എന്നിവർ റേഷൻ വ്യാപാരികളോടോപ്പം സന്ദർശനം നടത്തി. തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നാണ് തീരുമാനങ്ങളെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.