നാട്ടിലെ കുന്നുകൾ സംരക്ഷിക്കാൻ ഏഴംകുളം പഞ്ചായത്തിലെ തൊടുവക്കാട് വാർഡിൽ ചേർന്ന പ്രത്യേക ഗ്രാമസഭ
കൊടുമൺ: എല്ലാ വാർഡിലും ഗ്രാമസഭകൾ കൂടാറുണ്ട്. അത് സാധാരണ പോലെ നടന്നുപോകുന്നു. വേറിട്ട ചിന്തയാൽ തൊടുവക്കാട് ചേർന്ന ഗ്രാമസഭ നാടിന്റെ അഭിനന്ദനം അർഹിക്കുന്നു. നാട്ടിലെ കുന്നുകൾ സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മണ്ണ് മാഫിയ ഇടിച്ച് നിരത്തുന്ന കേരളത്തിന് മുന്നിൽ എതിർ ശബ്ദമായി ഏഴംകുളം പഞ്ചായത്തിലെ തൊടുവക്കാട് വാർഡ്. പഞ്ചായത്തിലെ തേപ്പുപാറയിൽ ചീരംകുന്ന്, വേളമുരുപ്പ് ഉൾപ്പടെ കുന്നുകൾ സംരക്ഷിക്കാനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുമായി തൊടുവക്കാട് സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് സഭ നടന്നത്. ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശാ അധ്യക്ഷത വഹിച്ചു.
ഗ്രാമസഭ അംഗവും തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതി കൺവീനറുമായ വിജു രാധാകൃഷ്ണൻ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു. പഞ്ചായത്തംഗങ്ങളായ ബാബു ജോൺ, രജിത ജയ്സൺ, ഇ.എ. ലത്തീഫ്, കെ. സുരേഷ്, തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമതി ചെയർമാൻ വിജയൻ നായർ, ഷൈജു ഇസ്മയിൽ, മേരിക്കുട്ടി, അജിത സുധാകരൻ എന്നിവർ സംസാരിച്ചു. വാർഡംഗം ശാന്തി കെ. കുട്ടൻ സ്വാഗതം പറഞ്ഞു.
മണ്ണിടിക്കാൻ തേപ്പുപാറയിലേയ്ക് ആരും വരണ്ട
തേപ്പുപാറയിലെ ചീരംകുന്ന് വേളമുരുപ്പ് ഉൾപ്പെടെ കുന്നുകൾ ഇടിച്ച് മണ്ണ് എടുക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് നീക്കങ്ങൾ നടക്കുന്നതായ വിവരം കിട്ടിയതോടെ ചേർന്ന ഗ്രാമസഭ ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ ഐകകണ്ഠ്യേന തീരുമാനിച്ചു. തേപ്പുപാറയിലെ കുന്നുകൾ ഇടിക്കുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങളുടെ സ്വത്തിനും ജീവനും ഉയർത്തുന്ന ഭീഷണിയും തടയാനും ഗ്രാമസഭ തീരുമാനിച്ചു. കുന്നുകൾ ഇടിച്ചാൽ നാടിന്റെ ആവാസ വ്യവസ്ഥ തന്നെ തകിടംമറിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. തേപ്പുപാറയിലെ കുന്നുകൾ സംരക്ഷിക്കുന്നതിന് ആവശ്യമായ ജനകീയ പ്രക്ഷോഭങ്ങളും നിയമ പോരാട്ടങ്ങളും തുടങ്ങും. തേപ്പുപാറയിലെ കുന്നുകൾ സംരക്ഷിക്കുന്നതിന് ഏഴംകുളം പഞ്ചായത്ത് അധികൃതർ ഹൈകോടതിയെ സമീപിക്കണമെന്നും ഗ്രാമസഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
പുരാതനവും പ്രശസ്തവുമായ കുന്നുകൾ
തൊടുവക്കാട് വാർഡിലെ പുരാതനവും പ്രശസ്തവുമായ കുന്നുകളിൽ ഒന്നാണ് ചീരംകുന്ന്. 64 ഏക്കറുള്ള ചീരംകുന്ന് മലയിൽ 24 ഏക്കർ വരുന്ന ഭൂമി ഇടിച്ചുനിരത്തുവാനാണ് സ്വകാര്യ വ്യക്തികളുടെ നീക്കം. ഏഴംകുളം വില്ലേജ് ബ്ലോക്ക് നമ്പർ 20 ഉൾപ്പെട്ട 329/4, 329/4-1, 329/5-1, 329/6, 325/1, 325/2, 325/3, 325/4, 325/5, 324/1, 324/1-1, 324/2, 325/5-1, 324/3 എന്നീ റീ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ട സ്ഥലത്തു നിന്നാണ് കുന്നിടിച്ച് മണ്ണ് കടത്താൻ നീക്കം നടക്കുന്നത്.
കുന്നിടിക്കുന്നതിനു മുന്നോടിയായി ഇവിടെ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റുകയാണ്. 90 ഡിഗ്രി ചരിവുള്ള സ്ഥിതിചെയ്യുന്ന ചീരങ്കുന്ന് മലയിൽ നടത്തുന്ന ഓരോ ചലനവും വലിയ പാരിസ്ഥിതിക - ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കുന്നിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതോടെ വൻ ദുരന്തം നാട് ഏറ്റുവാങ്ങേണ്ടി വരും.
ചീരംകുന്ന് മല ജലസംഭരണി
ചരിത്ര പ്രാധാന്യമുള്ള ചീരംകുന്ന് മല ഏറെ പ്രകൃതിദത്തമായ കുന്നുകളിൽ ഒന്നാണ്. കേവലം ഒരു കുന്ന് എന്നതിനപ്പുറം വലിയ ഒരു ജലസംഭരണിയാണ് ചീരംകുന്ന് മല. അടിവാരത്ത് നിന്ന് മൂന്ന് നീർച്ചാലുകൾ ഉത്ഭവിക്കുന്നുണ്ട്. ഒരിക്കലും വറ്റാത്ത ചീരംകുന്ന് മലയിലെ ജലം തോട്ടമുക്ക് - ഒഴുകുപാറ തോട്ടിലൂടെയും തേപ്പുപാറ - കരിഞ്ചേറ്റിൽ തോട്ടിലൂടെയും 18 ഏക്കർ - കല്യാണിക്കൽ തോട്ടിലൂടെയും ഒഴുകി ഏഴംകുളം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലൂടെ കടന്നു കൊടുമൺ പഞ്ചായത്തിലൂടെ ഒഴുകി അച്ചൻകോവിൽ ആറ്റിൽ എത്തിച്ചേരുകയാണ്.
തൊടുവക്കാട് വാർഡിലെ 250 ലധികം കുടുംബങ്ങൾ കുടിവെള്ളത്തിനായും കാർഷിക ആവശ്യങ്ങൾക്കായും മൃഗപരിപാലനത്തിനായും ഉപയോഗിക്കുന്നത് ഈ ജലമാണ്. ഇത് കൂടാതെ ചീരംകുന്ന് മലയിൽ നിന്നും ഉത്ഭവിച്ച് ഒഴുകുന്ന ജലം ആയിരത്തിലധികം കുടുംബങ്ങൾക്ക് ഇന്ന് ആശ്രയമാണ്. ചീരൻകുന്ന് ഇടിച്ചു നിരത്തുന്നതോടെ നാട്ടിൽ വലിയ കുടിവെള്ളക്ഷാമത്തിന് കാരണമാകും.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത
കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കേണ്ടി വരും. ആസ്ത്മ ,ശ്വാസകോശ, ത്വക്ക് രോഗങ്ങൾക്കും സാധ്യതയുണ്ടെന്ന് ജനങ്ങളിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
പാറകൾ ഇല്ലാത്ത ചീരങ്കുന്ന് മലയിലെ മണ്ണിൽ യന്ത്ര സഹായത്താൽ വരുത്തുന്ന ഓരോ ചലനങ്ങളും വലിയ പ്രകൃതി ദുരന്തങ്ങൾക്ക് ഇടവരുത്തും. ചീരംകുന്ന് മല ഇടിഞ്ഞാൽ ഏഴംകുളം, കൊടുമൺ പഞ്ചായത്തുകളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാണ്. മാത്രമല്ല കുന്നിന്റെ അടിവാരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന അറുനൂറിലധികം കുട്ടികളുടെയും ജീവനക്കാരുടെയും ജീവനും ഭീഷണിയാവും.
മറ്റ് കുന്നുകളും തകർക്കാൻ നീക്കം
തേപ്പുപാറ തോട്ടമുക്കിലെ ഏനാദിമംഗലം വില്ലേജിൽ വരുന്ന വേളമുരുപ്പിലെ അഞ്ച് ഏക്കറിലധികം വരുന്ന കുന്നും, തേപ്പുപാറ എൻജിനീയറിങ് കോളജിന് എതിർവശത്തെ അങ്ങാടിക്കൽ വില്ലേജിൽ വരുന്ന 17 ഏക്കർ കുന്നും ഇടിച്ച് മണ്ണ് എടുക്കുന്നതിന് നീക്കം ആരംഭിച്ചു. കുന്ന് ഇടിക്കുന്നതിന്റെ ഭാഗമായി ഈ ഭൂമിയിൽ മഞ്ഞക്കുറ്റികൾ നാട്ടി കഴിഞ്ഞു. എല്ലാ വർഷവും ജില്ല ഭരണകൂടം ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുന്ന പ്രദേശം ഉൾപ്പെടുന്നതാണ് വേളമുരുപ്പ്.
ഭാവിതലമുറക്കും ജീവിക്കണം
ചീരംകുന്ന്, വേളമുരുപ്പ് ഉൾെപ്പടെ തേപ്പുപാറയിലെ കുന്നുകൾ ഇടിച്ച് നിരത്തി തൊടുവക്കാട് വാർഡിനെ മറ്റൊരു ദുരന്ത ഭൂമിയാക്കുവാനുള്ള ഉദ്യോഗസ്ഥ- മണ്ണ് മാഫിയ കൂട്ട് കെട്ടിനെതിരെ ശക്തമായ നിലകൊള്ളാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിനായി ബഹുജന പ്രക്ഷോഭങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒരുങ്ങുകയാണ് അവർ. തങ്ങളുടെ പ്രകൃതി സംരക്ഷണ പോരാട്ടങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും പിന്തുണയും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.