നിർമാണം പാതിവഴിയിൽ നിലച്ച പരുമലയിലെ വാതക ശ്മശാനം
തിരുവല്ല: വാതക ശ്മശാനം ഈ വർഷമെങ്കിലും പ്രവര്ത്തിപ്പിക്കുമോയെന്ന കാത്തിരിപ്പിലാണ് തിരുവല്ല താലൂക്കിലെ കടപ്ര പഞ്ചായത്ത് നിവാസികൾ. ബര്‍ണര്‍ കൂടി സ്ഥാപിച്ചാല്‍ പ്രവര്‍ത്തനം തുടങ്ങാമെന്ന ഘട്ടത്തില്‍ നിലച്ചതാണ് പരുമലയിലെ ശ്മശാനത്തിന്റെ പണി.
ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയതോടെയാണ് നിര്‍മാണം നിലച്ചത്. തിരുവനന്തപുരം റീജണല്‍ എന്‍ജിനീയറിങ് കോളജ് പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.
നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് അംഗീകാരമായി കടപ്ര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പരുമലയിലെ ഭൂമിയിലാണ് ശ്മശാനം നിർമിക്കാന്‍ തുടങ്ങിയത്. 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചു. ഒരേസമയം ആറ് മൃതദേഹങ്ങള്‍ വരെ സംസ്കരിക്കാവുന്ന രീതിയില്‍ നിര്‍മാണം തുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മാണത്തിലെ താളപ്പിഴകളാണ് വിനയായത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും കടപ്ര പഞ്ചായത്തിന്റെയും പദ്ധതിയിൽ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപക്കാണ് പദ്ധതി എസ്റ്റിമേറ്റ് തയാറാക്കിയത്. സ്വകാര്യ സ്ഥാപനത്തിനായിരുന്നു നിര്‍മാണ ചുമതല. ഇവരില്‍ നിന്ന് സിവില്‍ ജോലികള്‍ ഏറ്റെടുത്ത മറ്റൊരു സ്ഥാപനം നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണം ഉയര്‍ന്നു. രണ്ട് തവണയായി കരാര്‍ എടുത്ത സ്ഥാപനത്തിന് പഞ്ചായത്ത് 16 ലക്ഷം രൂപ കൈമാറി.
പിന്നീടു നടന്ന ഓഡിറ്റില്‍ ഇത്രയും തുകയുടെ നിര്‍മാണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണു ക്രമക്കേട് പുറത്തായത്. അതോടെ പണികള്‍ നിര്‍ത്തി. വിശദമായ പരിശോധനക്ക് പഞ്ചായത്തിന് നിയമസഭ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശം വന്നു.
നിര്‍മിച്ച കെട്ടിടത്തിന് ബലവത്തായ അടിത്തറ പോലും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സബ്ജക്ട് കമ്മിറ്റിയുടെ നിർദേശത്തെ തുടര്‍ന്നാണ് എന്‍ജിനീയറിങ് വിഭാഗത്തിന്റെ പരിശോധന നടന്നത്.
നിലവിൽ താഴെ പൂട്ടിയ നിലയിലാണ് ശ്മശാനം. എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാക്കി പണം കൂടി കണ്ടെത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.