തിരുവല്ല : കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തെള്ളിയൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജി ആൻ്റ് ജി ഫൈനാൻസിയേഴ്സ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി ചെന്നൈയിൽ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. കമ്പനിയുടെ എം.ഡി.
ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു വി. നായർ ആണ് പിടിയിലായത്. മുമ്പ് അറസ്റ്റിലായ ഗോപാലകൃഷ്ണൻ നായരും മകനും റിമാൻഡിൽ തുടരുകയാണ്. ഇതിനിടെയാണ് മൂന്നാം പ്രതിയായ സിന്ധു പിടിയിലായത്. ഇവരെ ഇന്ന് രാത്രിയോടെ തിരുവല്ല സ്റ്റേഷനിൽ എത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം.
സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഉടമകൾക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 124 കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്. 100 കോടിയിലേറെ രൂപ നിക്ഷേപകർക്ക് തിരികെ കിട്ടാനുണ്ടെന്നാണ് പ്രാഥമികമായ വിവരം.
അമിത പലിശ വാഗ്ദാനം ചെയ്താണ് ഉടമകൾ നിക്ഷേപം സ്വീകരിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്തിരുന്നു. 10 ലക്ഷം മുതൽ ഒരു കോടിയിലധികം രൂപവരെ നിക്ഷേപിച്ചവരുണ്ട്. നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പൊലീസിൽ പരാതിപ്പെട്ടത്.
മാസം തോറും നിക്ഷേപത്തിന്റെ ഒരു ശതമാനം വെച്ച് മടക്കിത്തരാമെന്ന് ഉടമകൾ നിക്ഷേപകരെ അറിയിച്ചിരുന്നു. പിന്നീടാണ് ഉടമകൾ മുങ്ങിയത്. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 48 ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.