വടശ്ശേരിക്കര: പെരുനാട് പൂവത്തുംമൂടിന് സമീപത്തെ ശുഭാനന്ദാശ്രമവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ നേതൃത്വങ്ങളുടെ നിലപാടുകൾക്ക് വിരുദ്ധമായി സി.പി.എം, ബി.ജെ.പി പ്രാദേശിക ഘടകങ്ങൾ. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ ആഭിചാര ക്രിയകൾ ആരോപിച്ച് ആശ്രമത്തിനെതിരെ നാട്ടുകാർ രണ്ടുമാസമായി സമരത്തിലാണ്. വാർഡ് അംഗം കൂടിയായ ബി.ജെ.പി പ്രാദേശിക നേതാവാണ് പൗരസമിതിയുടെ മുഖ്യസംഘാടകൻ. പ്രദേശത്തെ പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് തങ്ങൾ സമരരംഗത്തുള്ളതെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ, ഹിന്ദുത്വ വികാരങ്ങളെ മാനിക്കണമെന്ന നിലപാടാണ് ബി.ജി.പി ജില്ല നേതൃത്വത്തിനുള്ളത്. അതേസമയം, വിവാദ ആശ്രമത്തിന് അനുകൂല സമീപനമാണ് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് സമിതി സ്വീകരിച്ചത്. സി.പി.എം ജില്ല കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റി ആശ്രമത്തെയും നടത്തിപ്പുകാരെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആശ്രമത്തിനെതിരെ പൗരസമിതി നടത്തുന്ന സമരത്തിന് ബദലായി തൊട്ടടുത്ത ദിവസം സി.പി.എം മറ്റൊരു പരിപാടി സംഘടിപ്പിക്കും. നാട്ടുകാർ പരാതിപ്പെട്ടിട്ടും ആശ്രമത്തിന്റെ അനുമതി റദ്ദാക്കുന്നത് ഉൾപ്പെടെ വിഷയങ്ങളിൽ പഞ്ചായത്ത് ഭരണസമിതി നടപടിയെടുത്തിട്ടില്ല.
അന്ധവിശ്വാസങ്ങൾക്കെതിരെ ഇടത് സംഘടനകൾ പ്രചാരണങ്ങളും സമരവുമായി സജീവമായിരിക്കുമ്പോഴാണ് പ്രാദേശിക നേതൃത്വം വിരുദ്ധ നിലപാട് സ്വീകരിച്ചത്. ആശ്രമത്തിന്റെ പേര് ശുഭാനന്ദാശ്രമം എന്നാണെങ്കിലും ഇതിന് മാവേലിക്കര ശുഭാനന്ദ ഗുരുവിന്റെ ആശ്രമവുമായി ഒരു ബന്ധവുമില്ലെന്നും ഇവിടത്തെ ദിവ്യൻ സമീപകാലത്ത് കാഷായവേഷത്തിലേക്ക് പരകായപ്രവേശം നടത്തിയ ആളാണെന്നും പൗരസമിതി പ്രവർത്തകരായ ബി.ജെ.പിക്കാർ ആരോപിക്കുന്നു. ഇതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് പൗരസമിതി അവകാശപ്പെടുന്നു. എന്നാൽ, ഇവ പരിശോധിക്കാൻ നിയമസംവിധാനങ്ങൾ തയാറാകുന്നില്ലെന്ന് ഇവർ ആരോപിച്ചു. കഴിഞ്ഞദിവസം പൗരസമിതി പ്രതിഷേധത്തിന് തൊട്ടുപിന്നാലെ സി.പി.എം വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. ആശ്രമം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നായിരുന്നു ഇതിൽ പ്രസംഗിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കിയത്.
ശബരിമല ഉൾപ്പെടുന്ന പഞ്ചായത്തിൽ ഇരുപാർട്ടികളും പ്രഖ്യാപിത രീതികൾക്ക് വിരുദ്ധമായി സമരരംഗത്ത് വന്നതിനാൽ ജില്ല നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.