വടശ്ശേരിക്കര: കാർഷിക മേഖലയിലെ വിലയിടിവും കൂലിയിൽ ഗണ്യമായ കുറവും ഉണ്ടായതോടെ ജില്ലയുടെ കിഴക്കൻ മേഖലയെ കഴുത്തറപ്പൻ ബ്ലേഡ് പലിശക്കാർ കൈയടക്കി. അവശ്യഘട്ടങ്ങളിൽ സാധാരണക്കാരുടെ വീടുകളിലെത്തി ചെറിയ തുകകൾ കടം കൊടുക്കുന്നവർ മുതൽ കഴുത്തറപ്പൻ പലിശക്ക് ചെറുകിട കച്ചവടക്കാർക്ക് ലക്ഷം രൂപയും അതിനു മുകളിലും കടം കൊടുക്കുന്നവരും കിഴക്കൻ മേഖലയിൽ സജീവമാണ്.
ആവശ്യക്കാരെ കണ്ടെത്താനും ഫോണിൽ ബന്ധപ്പെട്ട് കച്ചവടക്കാരെ ചതിയിൽ വീഴ്ത്താനും ഇത്തരക്കാർക്ക് ഏജന്റുമാർ വരെയുണ്ടെന്ന് പറയപ്പെടുന്നു. സർക്കാർ തലത്തിൽ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഓപറേഷൻ കുബേരയെത്തുടർന്ന് ഇത്തരം ബ്ലേഡ് പലിശക്കാർ കളം വിട്ടിരുന്നെങ്കിലും കോവിഡ് കഴിഞ്ഞുള്ള സാമ്പത്തിക മാന്ദ്യം ഇത്തരക്കാർ ചാകരക്കാലമായി ഉപയോഗിക്കുകയായിരുന്നു.
കോവിഡോടെ മുടങ്ങിപ്പോയ ചെറുകിട കച്ചവടങ്ങളും കൃഷിയും പെട്ടെന്ന് പുനരാരംഭിക്കാൻ ഇറങ്ങിത്തിരിച്ച പലരും കൊള്ളപ്പലിശക്കാരുടെ വലയിൽ കുടുങ്ങുകയായിരുന്നു. നാട്ടിൽ വലിയ സാമ്പത്തിക ചുറ്റുപാടൊന്നുമില്ലാത്ത ഒട്ടനവധി സ്ത്രീകളും ഇത്തരത്തിൽ ബ്ലേഡ് പലിശക്ക് പണം കടംകൊടുക്കുകയോ ഇടനിലക്കാരായി പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ട്.
നിയമപരമായ രീതികളോ രേഖകളോ ഇല്ലാത്തതിനാൽ ഇത്തരക്കാരുടെ ഇടപാടിനെക്കുറിച്ചോ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചോ പൊലീസിനോ മറ്റു ബന്ധപ്പെട്ട വകുപ്പുകൾക്കോ ധാരണയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.