തൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമാണത്തിന് ചെലവിട്ടതിനേക്കാൾ കൂടുതൽ തുക എട്ട് വർഷംകൊണ്ട് പിരിച്ചെടുത്തതായി വിവരാവകാശ രേഖ.
കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് തുക വ്യക്തമാക്കിയത്. 2012 ഫെബ്രുവരി ഒമ്പതിനാണ് ടോൾ പിരിവ് തുടങ്ങിയത്. ദേശീയപാത നിർമാണത്തിന് 721.174 കോടിയാണ് ചെലവിട്ടത്. ഈ വർഷം ജൂലൈ വരെ 801.60 കോടി ലഭിച്ചതായാണ് മറുപടിയിലുള്ളത്. കരാറനുസരിച്ച് നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറക്കാൻ കരാർ കമ്പനി ബാധ്യസ്ഥരാണ്.
കഴിഞ്ഞ സെപ്റ്റംബർ 23ന് ടോൾ പ്ലാസ ഫാസ്ടാഗുകൾ പ്രവർത്തനക്ഷമമല്ലെന്ന് കാണിച്ച് ദേശീയപാത അതോറിറ്റിക്കും സംസ്ഥാന സർക്കാറിനും കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
ഫാസ്ടാഗിലെ തകരാർ പരിഹരിക്കാതെ ടോൾ പിരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാലത്ത് ടോൾ സംഖ്യ വർധിപ്പിക്കരുതെന്നും ടോൾ പ്ലാസയിൽ വരുത്തിയ വർധന റദ്ദാക്കണമെന്നും നിർമാണ കരാർ കമ്പനിക്ക് ചെലവായ സംഖ്യയും ന്യായമായ ലാഭവും കിട്ടിക്കഴിഞ്ഞാൽ ടോൾ കാലാവധി കുറക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്തും ടി.ജെ. സനീഷ്കുമാറും സുപ്രീംകോടതിയിൽ ഹരജി നൽകി.
14ന് കേസ് പരിഗണിക്കും. ടോള്‍ പിരിവ് 2028 ഫെബ്രുവരി ഒമ്പത് വരെ തുടരാമെന്നാണ് കരാറിലെ വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.