തൃശൂർ: ആദിവാസി സമൂഹത്തിെൻറ അനുമതി വേണമെന്ന വനാവകാശ നിയമമുള്ളതിനാൽ, കേന്ദ്ര പരിസ്ഥിതി വകുപ്പിെൻറ അനുമതി ലഭിച്ചാലും അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ല. പദ്ധതിക്കെതിരെ അതിരപ്പിള്ളിയിലെ ആദിവാസി സമൂഹത്തിെൻറ സത്യവാങ്മൂലം നിലവിലുണ്ട്. അനുമതിയുടെ കാലാവധി കാലഹരണപ്പെട്ട് മൂന്ന് വർഷത്തിന് ശേഷം വീണ്ടും അനുമതിക്കായി ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അഞ്ച് വർഷത്തേക്കാണ് പരിസ്ഥിതിമന്ത്രാലയം അനുമതി നൽകുന്നത്. രണ്ട് തവണ പുതുക്കി നൽകിയ അനുമതിയാണ് 2017ൽ അവസാനിച്ചത്.
ഒരു പദ്ധതിക്ക് വേണ്ടിയും ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കരുതെന്നും ആവശ്യമാണെങ്കിൽ ആദിവാസി ഊരുസഭയുടെ സമ്മതത്തോടെ മാത്രമേ ചെയ്യാവൂവെന്നുമാണ് കേന്ദ്ര വനാവകാശ നിയമത്തിലുള്ളത്. ഈ നിബന്ധന പ്രകാരമേ അനുമതി ലഭിക്കൂ. അതിരപ്പിള്ളിയിലെ ആദിവാസി സമൂഹം പ്രത്യേക സംരക്ഷണമുള്ള കാടർ വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർ പദ്ധതിക്ക് സമ്മതമല്ലെന്ന് മാത്രമല്ല, ശക്തമായി എതിർക്കുകയുമാണ്.
2017 ജൂൈല 18ന് അവസാനിച്ച അനുമതിപത്രത്തിലെ പാർട്ട് എ 10ൽ, ഒരു ആദിവാസി കുടുംബത്തെയും കുടിയൊഴിപ്പിക്കരുതെന്നും ചാലക്കുടി പുഴയുടെ ഇടതുകര കനാലിലുള്ള 18 ആദിവാസി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പദ്ധതി തയാറാക്കണമെന്നും തൃശൂർ ഡി.സി.സിയുടെ അതിരപ്പിള്ളി വിരുദ്ധസമിതി ചെയർമാൻ ജോസഫ് ടാജറ്റിന് ലഭിച്ച വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ പറഞ്ഞിരുന്നു.
എന്നാൽ, ആദിവാസി കുടുംബങ്ങൾക്കുള്ള ഒരു പദ്ധതിയും മാറിമാറിവന്ന സർക്കാരുകളൊന്നും തയാറാക്കിയില്ല. 1998 മുതൽ ഇതുവരെ പദ്ധതിക്കായി 22 കോടിയോളം ചെലവായിക്കഴിഞ്ഞു. 163 മെഗാവാട്ട് ഉൽപാദനശേഷിയുള്ള പദ്ധതിയുടെ ജലസംഭരണിക്കായി മുറിച്ചുനീക്കുന്ന ഹെക്ടർ കണക്കിന് മരങ്ങളുടെ സീനിയറേജ് ചാർജായി കെട്ടിവെച്ച 1.14 കോടിയും വനം നട്ടുപിടിപ്പിക്കാൻ കെട്ടിവെച്ച 4.11 കോടിയും നഷ്ടപ്പെടുകയാണെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരുന്നു.
‘വീണ്ടും അനുമതിക്ക് ശ്രമിക്കുന്നത് പ്രഹസനം’
തൃശൂർ: പദ്ധതിക്കായി ഡിവിഷൻ ഓഫിസും സബ് ഡിവിഷൻ ഓഫിസും അതിരപ്പിള്ളിയിൽ പ്രവർത്തിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറും മൂന്ന് സബ് എൻജിനീയർമാരും ഒരു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറും ഒരു അസിസ്റ്റൻറ് എൻജിനീയറും അനുബന്ധ ജീവനക്കാരുമാണ് ഇവിടെയുള്ളത്. വീണ്ടും കേന്ദ്ര അനുമതിക്ക് ശ്രമിക്കുന്നത് പ്രഹസനമാണെന്നും കൂടുതൽ സാമ്പത്തികനഷ്ടത്തിന് മാത്രമേ ഇടവരുത്തൂവെന്നും തൃശൂർ ഡി.സി.സിയുടെ അതിരപ്പിള്ളി വിരുദ്ധസമിതി ചെയർമാൻ ജോസഫ് ടാജറ്റ് പറഞ്ഞു.
വീണ്ടും അനുമതിക്കായി ശ്രമിക്കുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് സി.പി.ഐയും പ്രതിപക്ഷവും പറയുന്നത്. മുന്നണിയറിയാതെ മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെച്ചതാണ് ദുരൂഹതക്ക് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.
യോജിപ്പിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ പദ്ധതി തുടർന്ന് കൊണ്ടുപോകുന്നില്ലെന്നും ഓഫിസ് അടച്ചുപൂട്ടുമെന്നും മന്ത്രി എം.എം. മണി മുമ്പ് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.