ഗുരുവായൂർ: ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടറും ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുമൊക്കെയായി ബോംബ് സ്ക്വാഡ് കിഴക്കെനട ജങ്ഷനിൽ ചാടിയിറങ്ങി റോഡിൽ പരിശോധിക്കുന്നത് കണ്ടപ്പോള്‍ ജനം ഒന്നമ്പരന്നു. ക്ഷേത്രത്തിലേക്ക് എവിടെ നിന്നെങ്കിലും ബോംബ് ഭീഷണി സന്ദേശം എത്തിയോ എന്നായിരുന്നു ആശങ്ക. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുറമെ സുരക്ഷ നിയന്ത്രണങ്ങളും കടുപ്പിക്കുമോ എന്നായിരുന്നു പലര്‍ക്കും പേടി. ബോംബ് ഭീഷണിയൊന്നുമല്ല മോക്ഡ്രിൽ മാത്രമാണ് നടക്കുന്നതെന്ന് നിരീക്ഷകരിൽ ചിലർ അപ്പോഴേക്കും കണ്ടെത്തി.
എന്നാൽ, ഒളിപ്പിച്ചുെവച്ച ബോംബ് കണ്ടെത്താനല്ല, ടാറിങ്ങിനടിയിലായിപ്പോയ അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളുകള്‍ കണ്ടെത്താനാണ് പരിശോധന എന്നറിഞ്ഞപ്പോള്‍ പരിഭ്രമവും ആശങ്കയുമെല്ലാം ചിരിയിലേക്ക് വഴിമാറി. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി കമീഷന് ചെയ്യുന്നതിന് മുന്നോടിയായി മാന്‍ഹോളുകള്‍ കണ്ടെത്താനാണ് വാട്ടര്‍ അതോറിറ്റി ബോംബ് സ്ക്വാഡിെൻറ സഹായം തേടിയത്.
അഞ്ച് വർഷം മുമ്പ് റോഡിന് മധ്യത്തിൽ സ്ഥാപിച്ച മാന്‍ഹോളുകളില്‍ പലതും ടാറിങ്ങിന് അടിയിലായതോടെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കിഴിഞ്ഞയാഴ്ച വേണുഗോപാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിനടുത്തുള്ള റോഡില്‍ പല ഭാഗത്തും കുഴിച്ച് നോക്കിയ ശേഷമാണ് മാന്‍ഹോള്‍ കണ്ടെത്താനായത്. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണിത് നടത്തിയത്. സ്ക്വാഡ് പരിശോധിച്ച് ലോഹ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഭാഗങ്ങള്‍ കുഴിച്ചു നോക്കിയാണ് മാന്‍ഹോളുകള്‍ കണ്ടെത്തുന്നത്. 2011ൽ ആരംഭിച്ച പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലിയുടെ ഭാഗമായി 267 മാന്‍ഹോളുകളാണ് സ്ഥാപിച്ചത്. പദ്ധതി കമീഷന് ചെയ്യുന്നതിന് മുമ്പായി ഇവയുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കലാണ് നടന്നു വരുന്നത്.
എന്നാല്‍, സ്ഥാപിച്ച് വർഷങ്ങൾ പിന്നിട്ടതിനാൽ പല സ്ഥലത്തും മാന്‍ഹോള്‍ ടാറിങ്ങിന് അടിയില്‍ പോയത് തലവേദനയായി. ബോംബ് സ്ക്വാഡ് എസ്.ഐ വിനയ് ചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് വാട്ടർ അതോറിറ്റിക്ക് തുണയായത്. മുഖ്യമന്ത്രിയുടെ 100 ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴുക്കുചാല്‍ പദ്ധതി കമീഷന് ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 2012ൽ കമീഷൻ ചെയ്യുമെന്ന് പറഞ്ഞാണ് പണികൾ തുടങ്ങിയത്. മൂന്ന് സോണുകളായുള്ള പദ്ധതിയുടെ രണ്ട് സോൺ എങ്കിലും കമീഷന് ചെയ്യാനാണ് ഇപ്പോൾ ശ്രമം. ബസ് സ്റ്റാന്‍ഡിനടുത്തുള്ള പമ്പ് ഹൗസാണ് ഒന്നാം സോണ്‍. പടിഞ്ഞാറേനട കമ്പിപ്പാലത്തിനടുത്തും റെയില്‍വേ സ്റ്റേഷെൻറ വടക്കുഭാഗത്തുമാണ് രണ്ടും മൂന്നും സോണുകള്‍. ഗുരുവായൂര്‍ നഗരത്തിലെ ദ്രവമാലിന്യം ചക്കംകണ്ടത്തെ പ്ലാൻറിലേക്ക് പൈപ്പ് വഴി എത്തിച്ച് സംസ്കരിക്കാനുള്ളതാണ് പദ്ധതി. സെപ്റ്റംബർ 30ന് മുമ്പ് കമീഷൻ ചെയ്യുമെന്നാണ് വാട്ടർ അതോറിറ്റി ഇപ്പോൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.