‘ആന എഴുന്നള്ളത്താകാം, 2012ലെ ചട്ടങ്ങൾ പാലിക്കണം’; ഹൈകോടതി നിയന്ത്രണത്തിന് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിന് കേരള ഹൈകോടതി ഏർപ്പെടുത്തിയ നിയന്ത്രണത്തിന് സുപ്രീംകോടതി സ്റ്റേ. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ചട്ടങ്ങൾക്ക് രൂപം നൽകാൻ ഹൈകോടതിക്ക് അധികാരമില്ലെന്നും ഉത്തരവ് പ്രായോഗികമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

2012ലെ ചട്ടങ്ങൾ പ്രകാരമായിരിക്കണം ഉത്സവങ്ങൾ അടക്കമുള്ളവക്കായി ആനകളെ എഴുന്നള്ളിപ്പിക്കേണ്ടത്. ഈ ചട്ടങ്ങൾ പാലിക്കാൻ മുഴുവൻ ദേവസ്വങ്ങൾക്കും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ വിശദീകരണം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ദേവസ്വം ആവശ്യപ്പെട്ടത്.

ഹൈകോടതി ഉത്തരവ് പ്രകാരം ആന എഴുന്നള്ളിപ്പുകൾ നടത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. അതേസമയം മൃഗസ്നേഹികളുടെ സംഘടനാ തടസ ഹരജിയും നൽകിയിരുന്നു. തങ്ങളുടെ വാദം കേൾക്കാതെ ഹരജികളിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ ഹരജികളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്.

മതപരിപാടികൾ, ഉത്സവങ്ങൾ മറ്റുപരിപാടികൾ തുടങ്ങിയവയിൽ ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈകോടതി മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ രേഖകളും പരിപാടിയുടെ സംഘാടകർ ഉറപ്പാക്കണം, എഴുന്നളത്തിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ നിർത്തരുത്, നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിപ്പിനാവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവയായിരുന്നു പ്രധാന മാർഗനിർദേശങ്ങൾ.

Tags:    
News Summary - Thrissur Pooram: Supreme Court stay for High Court Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.