ചേർപ്പ്: നല്ലൊരു മഴ പെയ്താൽ ആധിയിലാണ് വെങ്ങിണിശ്ശേരി എം.എസ് നഗർ നാല് സെൻറ് കോളനിയിലെ കല്ലട വീട്ടിൽ മനോജും കുടുംബവും. ജോലിക്കിടയിൽ മരത്തിൽനിന്ന് വീണ് നട്ടെല്ലിനും കാലിനും പൊട്ടലുമായി കട്ടിലിൽ അനങ്ങാൻ പോലുമാകാതെ കിടപ്പിലാണ് മനോജ്.
ഓരോ ദിവസം കഴിയുമ്പോഴും സമീപത്തെ കുന്ന് ഇടിഞ്ഞ് ഇവരുടെ വീടിന്‍റെ തറയോട് അടുത്തുകൊണ്ടിരിക്കുന്നു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത് മൂന്നുവശം സാരിയും തുണിയും ചുറ്റി മറച്ച വീട്ടിലാണ്. ഏത് സമയവും മണ്ണിടിഞ്ഞ് വീട് പൊതിയാം. ഇരുപതോളം വീടുകളുള്ള കോളനിയിലെ നാല് കുടുംബങ്ങളുടെ അവസ്ഥ ഇത്തരത്തിലാണ്.
റവന്യൂ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് നാല് കുടുംബങ്ങളോടും മാറിത്താമസിക്കാൻ പറഞ്ഞിരുന്നു. ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന കുന്നിൻചെരുവിൽ താമസിച്ചിരുന്ന മൂന്നു വീട്ടുകാർ എല്ലാം ഉപേക്ഷിച്ച് മാറിപ്പോയി. മരം മുറി തൊഴിലാളിയായിരുന്ന മനോജ് പഞ്ചായത്തിൽനിന്ന് ലഭിച്ച നാല് സെന്‍റിലാണ് വീട് പണിതത്.
മാറിത്താമസിക്കാൻ മറ്റൊരു വീട് കണ്ടെത്താനോ വാടക വീട്ടിൽ പണം നൽകാനോയുള്ള സാമ്പത്തിക സ്ഥിതി ഇവർക്കില്ല. ചികിത്സയും ഭക്ഷണവും മക്കളുടെ വിദ്യാഭ്യാസവും മറ്റുള്ളവരുടെ സഹായത്തോടെയാണ് ഒരുപരിധി വരെയെങ്കിലും ഇപ്പോൾ നടക്കുന്നത്.
കട്ടിലിൽ കിടന്നു തന്നെയാണ് മനോജ് പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കുന്നതെന്നതിനാൽ ഭാര്യ സബിതക്ക് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ്. മനോജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെങ്കിൽ പോലും വീട്ടിൽനിന്ന് എടുത്ത് വാഹനത്തിൽ കയറ്റാൻ നിരവധി പേരുടെ സഹായം വേണം. വിധിയെ പഴിച്ച് മക്കളെ ചേർത്തുപിടിച്ച് ഭീതിയോടെ ഓരോ ദിവസവും തള്ളി നീക്കുകയാണ് മനോജും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.