ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന് കൊടിയേറി. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രത്തിന്റെ ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട് ബാബു നമ്പൂതിരി, ദിലീപ് നമ്പൂതിരി, ബാലകൃഷ്ണൻ നമ്പൂതിരി, ബിജു നമ്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമൻ നമ്പൂതിരി, ഓട്ടൂർമേക്കാട്ട് വിനോദ് നമ്പൂതിരി, ജയൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റം.
വൈകുന്നേരം നാലിന് ശാസ്താവിന് ദ്രവ്യം സമർപ്പിച്ച് പ്രാർഥിച്ചാണ് ദേശത്തെ ആചാരിയുടെ നേതൃത്വത്തിൽ ദേശക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് ലക്ഷണമൊത്ത കവുങ്ങ് മുറിക്കാൻ പോയത്. അവിടെനിന്ന് ആർപ്പും കുരവയുമായി കൊണ്ടുവന്ന കവുങ്ങ് ചെത്തിമിനുക്കി കൊടിമരമാക്കി. അലങ്കരിച്ച കൊടിമരം ദേശക്കാരാണ് ഉയർത്തിയത്. തുടർന്ന് ക്ഷേത്രം ഊരാളന്മാർ ഭർഭപ്പുല്ല് കൊടിമരത്തിൽ ബന്ധിച്ചു.
വാദ്യഘോഷങ്ങളൊന്നുമില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരന്റെ പുറത്ത് ഊരാളൻ കുടുംബാംഗത്തെ കയറ്റി കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ ആനയിച്ചു. അവിടെ വെച്ച് അടിയന്തിരം മാരാർ ശംഖധ്വനി മുഴക്കി. തുടർന്ന് ആർപ്പും കുരവയുമായി ജനസഞ്ചയം ക്ഷേത്രത്തിലേക്ക് മടങ്ങി.
ബലിക്കല്ലിന് സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിധ്യത്തിൽ രണ്ട് നാളികേരം ഉടച്ചു വെച്ചു. മൂന്ന് പ്രാവശ്യം ശംഖു വിളിച്ച് വലംതലയിൽ പൂരം കൊട്ടിവെച്ചതോടെ കൊടിയേറ്റ ചടങ്ങുകൾ അവസാനിച്ചു.
മകയിരം പുറപ്പാടിന് ആയിരങ്ങൾ
തൃപ്രയാർ: ഭക്തി നിറവിൽ കാത്തുനിന്ന ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുതിർന്ന രാമമന്ത്രധ്വനിയിൽ ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ ഗ്രാമ പ്രദിക്ഷണത്തിനിറങ്ങി. ഞായറാഴ്ച മകയീര്യം നാളിൽ 2.15നും 3.15നും ഇടയിൽ നടന്ന ചടങ്ങുകൾക്കു ശേഷമാണ് പുറപ്പാട് നടന്നത്. തൃക്കോൽ ശാന്തി തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ബ്രാഹ്മണിപാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് സ്വർണക്കോലത്തിൽ അഞ്ച് ആനകളുടെ അകമ്പടിയോടെ സേതുകുളത്തിൽ ആറാട്ടു നടത്തി. തിങ്കളാഴ്ച നടയ്ക്കൽ പൂരവും കാട്ടൂർ പൂരവും ഉണ്ടാകും. 19ന് ബ്ലാഹയിൽ കുളത്തിൽ ആറാട്ട്, 20ന് കോതകുളത്തിൽ ആറാട്ടിനു ശേഷം പൈനൂർ പാടത്ത് ചാലുകുത്തൽ എന്നിവ നടത്തും. 21ന് കിഴക്കെ നടയ്ക്കൽ പൂരം, ഊരായ്മക്കാർ ഇല്ലങ്ങളിൽ പൂരം, ശേഷം തേവർ പള്ളിയോടത്തിൽ പുഴകടക്കും. ആറാട്ടുപുഴ പൂരം കഴിഞ്ഞ് തിരിച്ചെത്തുന്ന തേവരെ ഉത്രം വിളക്ക് വച്ച് സ്വീകരിക്കും.
ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരങ്ങളിൽ ആചാര്യസ്ഥാനം അലങ്കരിക്കുന്ന ചാത്തക്കുടം ശാസ്താവിന്റെ പൂരം ചടങ്ങുകൾക്കുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക്.
ക്ഷേത്രത്തിൽ 2024 മാർച്ച് 18 വൈകീട്ട് കൊടികയറും. തുടർന്ന് ചമയ ദ്രവ്യ സമർപ്പണം നടക്കും. ഭക്തർ ശാസ്താവിന് എണ്ണ, വെളിച്ചെണ്ണ, നെയ്യ്, തിരുവുടയാട, ഓണപുടവ എന്നിവ ദ്രവ്യങ്ങളായി സമർപ്പിക്കും.
ഗജീവീരന്മാർക്കുള്ള വക്ക മണിക്കൂട്ടം, പട്ടുകുടകൾ എന്നിവയുടെ നവീകരണം മറ്റു ചമയങ്ങളുടെ നിർമാണവും ഒളരി സന്തോഷ് ജോർജിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
വൈകിട്ട് 7.30ന് തൈക്കാട്ടുശ്ശേരി ഭാഗവതിയും, ചക്കംകുളങ്ങര ശാസ്താവും ചാത്തക്കുടത്തെത്തും. തുടർന്ന് ദേവീ ദേവന്മാർ ഇറക്കി എഴുന്നള്ളിക്കും. ഊരാളന്റെ അനുമതിയോടെ പാണി കൊട്ടി ചാത്തക്കുടം ശാസ്താവ് അടന്ത മേളത്തിന്റെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിക്കും. ക്ഷേത്രം ഊരാളനും, കൊച്ചിൻ ദേവസ്വം ഭാരവാഹികളും, ഭക്തരും ചേർന്നു നിറ പറ വെച്ച് എതിരേൽക്കും. കിഴക്കേ നടയിൽ ചരിത്രപ്രസിദ്ധമായ പഞ്ചാരിക്ക് കാലമിടും.
പുറപ്പാടിന് ഏഴ് ഗജവീരന്മാർ പങ്കെടുക്കും. ഇടതു തൈക്കാട്ടുശ്ശേരി ഭാഗവതിയും വലതു ചക്കംകുളങ്ങര ശാസ്താവും ചേർന്ന് എഴുന്നള്ളും. മേളത്തിന് പെരുവനം സതീശൻ മാരാർ തുടർച്ചയായി 26ാം വർഷവും പ്രമാണം വഹിക്കും. രാത്രി 1.30ന് മേളം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.