ചേർപ്പ്: പാറളം പഞ്ചായത്തിലെ പണ്ടാരം കോൾപടവിൽ കൃഷി ഇറക്കാൻ കഴിയാതെ കർഷകർ. ചേനം തരിശുപടവിന് എതിർദിശയിൽ കിടക്കുന്ന 100 ഏക്കറോളം വരുന്ന പണ്ടാരം കോളിലെ കർഷകരാണ് അധികൃതരുടെ അനാസ്ഥ മൂലം കൃഷിയിറക്കാൻ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്.
പടവിൽ നെൽകൃഷി ഇറക്കുന്നതിനായി കോൾപ്പടവിലെ വെള്ളം വറ്റിക്കാൻ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമർ തകരാറിലായതാണ് ദുരിതത്തിന് കാരണം. ട്രാൻസ്ഫോർമർ പ്രവർത്തനം നിലച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
പടവിൽ കൃഷി ഇറക്കാൻ പാടങ്ങളിൽ ഉയർന്നുനിൽക്കുന്ന വെള്ളം രണ്ട് മോട്ടോർ ഉപയോഗിച്ച് വറ്റിച്ചാൽ മാത്രമേ പാടശേഖരത്തിൽ പുതിയ കൃഷി ഇറക്കാൻ കഴിയുകയുള്ളൂ. ട്രാൻസ്ഫോർമറിൽ തകരാർ സംഭവിച്ച് പ്രവർത്തനരഹിതമായത് വൈദ്യുതി അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
മഴയെ ആശ്രയിച്ച് നടത്തുന്ന കൃഷി യഥാസമയം തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ വൻ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുക. നിലവിലെ 100 വാട്ട് മോട്ടോറിൽനിന്ന് 160 വാട്ട് ഉൽപാദിപ്പിപ്പിക്കാനായാലെ പണ്ടാരം കോളിലും സമീപത്തെ നാരായണം കോളിലും കൃഷി ഇറക്കാൻ പറ്റൂവെന്ന് കോൾ പടവ് പ്രസിഡന്റ് കെ.ഒ. സണ്ണി, വൈസ് പ്രസിഡന്റ് എ.ഒ. ആന്റോ എന്നിവർ പറഞ്ഞു.
ചേർപ്പ് കൃഷിഭവൻ, വൈദ്യുതി വകുപ്പ് അധികൃതർക്ക് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും നാളിതുവരെയായിട്ടും നടപടിയായിട്ടില്ലെന്ന് കർഷകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.