ചേർപ്പ്: ആറാട്ടുപുഴ ശ്രീശാസ്ത ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. രാവിലെ എട്ടോടെ നമസ്കാര മണ്ഡപത്തിൽ ഗണപതി പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ചുള്ള ലക്ഷ്മിപൂജ നടത്തി. അരിമാവ് അണിഞ്ഞ് നാക്കിലയിൽ തയാറാക്കി ഗോപുരത്തിൽ വെച്ചിരിക്കുന്ന പൊൻകതിരുകൾ മേൽശാന്തി തീർഥം തളിച്ച് ശുദ്ധി വരുത്തി.
കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ശംഖനാദത്തിന്റേയും ഭക്തജനങ്ങളുടേയും അകമ്പടിയോടെ മേൽശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്ര മതിൽക്കകത്ത് പ്രദക്ഷിണം വെച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം ചെയ്തു കതിർകറ്റകളെ നമസ്കാര മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിച്ചു. അവിടെവെച്ച് ലക്ഷ്മിപൂജ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിച്ചു. ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ച ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകി. ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീധർമശാസ്ത ക്ഷേത്രത്തിലെ ഇല്ലംനിറക്ക് മേൽശാന്തി മഴമംഗലം രമേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഭക്തജനങ്ങളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടുവന്ന കതിർകറ്റകൾ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ഭക്തർക്ക് വിതരണം ചെയ്തു. രാമായണ മാസാചരണ ഭാഗമായ രാമായണ പാരായണം സമാപനവും ഉത്രം പ്രസാദ ഊട്ടും നടന്നു.
തളി: ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു. പ്രസന്ന നടികൾ, നരേന്ദ്രനടികൾ എന്നിവർ കാർമികത്വം വഹിച്ചു. കർക്കടകം ഒന്നുമുതൽ 11 വരെ പ്രഭാഷണ പരമ്പര, 12 മുതൽ 20 വരെ വാത്മീകി രാമായണം നവകം, തുടർന്ന് പ്രഭാഷണ പരമ്പര, കർക്കടകം 31ന് മഹാഗണപതി ഹോമവും മഹാ സമൂഹികാരാധനയും എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.