ചേർപ്പ്: ചേർപ്പ് മേഖലയിൽ ലൈസൻസില്ലാത്ത അനധികൃത കച്ചവടം നടത്തുന്നവർക്കെതിരെ ഒരു മാസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന് ഹൈകോടതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
മേഖലയിലെ അനധികൃത വഴിയോര കച്ചവടം നിരോധിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂനിറ്റ് ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജിക്കാണ് അനുകൂല വിധി വന്നതെന്ന് ഏകോപന സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അനധികൃത വഴിയോര കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും മറ്റ് അധികാര കേന്ദ്രങ്ങളിലും സംഘടന പലതവണ പരാതി നൽകിയിരുന്നു. ആഗസ്റ്റ് 25ന് പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം, പൊതുമരാമത്ത് ഓഫിസിൽ ധർണ, സെപ്റ്റംബർ 14ന് വിളംബര ജാഥ, 16ന് വഴിയോരങ്ങളിലേക്ക് ഇറക്കിവെച്ചുള്ള പ്രതീകാത്മക കച്ചവടം എന്നിവ നടത്തിയിരുന്നു.
17ന് ജില്ല കലക്ടർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകി. 23ന് ജില്ല കലക്ടറുടെ ഓഫിസിൽനിന്ന് മറുപടി വന്നെങ്കിലും മറ്റു നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. ഒക്ടോബർ 10ന് വിധി പ്രഖ്യാപിക്കുകയും 19ന് ഉത്തരവ് ലഭിക്കുകയും ചെയ്തു.
ഉത്തരവ് കഴിഞ്ഞ ദിവസം പഞ്ചായത്തിന് കൈമാറി. പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ, സെക്രട്ടറി ജോൺസൺ ചിറമ്മൽ, കെ.വി. ജോസ്, ബെന്നി തോമസ്, കെ.പി. വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.