ചേർപ്പ്: ചിറക്കലിൽ സ്വകാര്യ ബസ് ഡ്രൈവർ മർദനമേറ്റ് മരിച്ച സംഭവത്തിൽ ഒരാളെകൂടി പൊലീസ് പിടികൂടി. ചിറക്കൽ കോട്ടം മച്ചിങ്ങൽ വീട്ടിൽ ഡിനോണാണ് (28) പിടിയിലായത്. ഡൽഹി, പുണെ എന്നിവിടങ്ങളിൽ ഒളിവിലായിരുന്ന ഡിനോണിനെ ചൊവ്വാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പിടികൂടിയത്.
അതിനിടെ ഉത്തരാഖണ്ഡിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയ നാല് പ്രതികളെ തിങ്കളാഴ്ച രാത്രി ചേർപ്പ് സ്റ്റേഷനിലെത്തിച്ചു. കുറുമ്പിലാവ് സ്വദേശികളായ കറുപ്പം വീട്ടിൽ അമീർ (30), കൊടക്കാട്ടിൽ അരുൺ (21), ഇല്ലത്തു പറമ്പിൽ സുഹൈൽ (23), കുറുമത്ത് വീട്ടിൽ നിരഞ്ജൻ (22) എന്നിവരാണ് ഉത്തരാഖണ്ഡിൽ നിന്ന് പിടിയിലായത്.
റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രെ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ചേർപ്പ് ഇൻസ്പെക്ടർ എം.പി. സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ വാടാനപ്പള്ളി എസ്.ഐ കെ. അജിത്ത്, എ.എസ്.ഐ ടി.ആർ. ഷൈൻ, സീനിയർ സി.പി.ഒ സോണി സേവ്യർ എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ ഇടപെടലിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 18ന് രാത്രിയാണ് ചേർപ്പ് ചിറക്കൽ തിരുവാണിക്കാവിൽ സ്വകാര്യ ബസ് ഡ്രൈവറായ ചേർപ്പ് സ്വദേശി സഹറിനു നേരെ സദാചാര ആക്രമണമുണ്ടായത്.
രാത്രി പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ പ്രതികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മാർച്ച് ഏഴിനാണ് സഹർ മരിച്ചത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം ചെയ്തവരെയും ഒളിത്താവളം ഒരുക്കിയവരെയും ഉടൻ പിടികൂടുമെന്ന് റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രെ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.