ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായ പെരുവനം പൂരം ഞായറാഴ്ച ആഘോഷിക്കും. പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കെ നടവഴിയിലാണ് പൂരാഘോഷം നടക്കുക. ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന 24 ദേവീദേവന്മാരിൽ 18 ദേവീദേവന്മാർ പെരുവനം പൂരത്തിൽ പങ്കെടുക്കും. വൈകീട്ട് അഞ്ചോടെ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയുടെ പൂരത്തിന്റെ മേളം തുടങ്ങും.
കിഴക്കെ നടവഴിയുടെ കിഴക്കെ അറ്റത്ത് അഞ്ച് ആനകളുടെ അകമ്പടിയോടെ അണിനിരന്ന് പടിഞ്ഞാറോട്ട് കൊട്ടിക്കയറും. ആറ് മണിയോടെ പെരുവനം ക്ഷേത്രത്തിന്റെ മതിലകത്ത് തെക്കെ ഗോപുരത്തിന് സമീപം എഴുന്നള്ളിച്ചെത്തും. പൂരം പുറപ്പെട്ട് ഇറക്കി പാണ്ടിമേളത്തോടെ കിഴക്കെ നടവഴിയിലേക്ക് ഇറങ്ങും. മേളം കലാശിച്ചാൽ കിഴക്ക് തൊടുകുളത്തിന് സമീപം എത്തുന്ന ശാസ്താവ് ചാത്തക്കുടം ശാസ്താവിനോടൊപ്പം പെരുവനം ക്ഷേത്രത്തിലെത്തും.
രാത്രി 11ഓടെ ഊരകം അമ്മ തിരുവടി പെരുവനം പൂരത്തിൽ പങ്കെടുക്കാൻ തൊടുകുളത്തിന് സമീപമെത്തും. മൂന്ന് ആനകളുടെ അകമ്പടിയിൽ പാണ്ടിമേളത്തോടെ കൊട്ടിക്കയറുന്ന ചാത്തക്കുടം ശാസ്താവിനോടൊപ്പം ഏഴ് ഗജവീരന്മാരോടൊപ്പം നിരക്കും. തുടർന്ന് അമ്മ തിരുവടിയുടെ പഞ്ചാരിമേളം നടക്കും.
രാത്രി 12ഓടെ ചേർപ്പ് ഭഗവതി പഞ്ചവാദ്യത്തോടെ എഴുന്നള്ളി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട വഴിയിൽ എത്തി ക്ഷേത്രത്തിലെത്തി കിഴക്കെ നടവഴിയിലിറങ്ങി പൂരം നടത്തും. മറ്റ് ക്ഷേത്രങ്ങളിൽനിന്നുള്ള ദേവീദേവന്മാരും ഇതിനകം പൂരത്തിന് എത്തും. രാത്രി 11 ദേവീദേവന്മാർ അണിനിരക്കുന്ന പെരുവനം വിളക്ക് മഹാദേവ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.