ചേർപ്പ്: അവിണിശ്ശേരി ബോട്ട് ജെട്ടി, പെരിഞ്ചേരി പ്രദേശങ്ങളിൽ തെരുവുനായ് ആക്രമണം. കുട്ടികളും സ്ത്രീകളടങ്ങുന്ന 14 പേരെയാണ് നായ് ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കിലോമീറ്ററുകളോളം ഓടിയ തെരുവുനായ് റോഡിലൂടെ നടന്നുപോയവരെയും വീടുകളിലും പരിസര പ്രദേശങ്ങളിലുമുള്ളവരെയും കടിക്കുകയായിരുന്നു. കടിയേറ്റവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അനിമൽ സ്ക്വാഡും പ്രദേശത്തെത്തിയിരുന്നു.
രണ്ട് ദിവസമായി നായ് പ്രദേശത്ത് അലഞ്ഞ് നടന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കടിയേറ്റവർ മെഡിക്കൽ കോളജിൽ കഴിയുകയാണ്. ചിലർ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
ബസ് കയറാൻ പോയ അവിണിശ്ശേരി ബോട്ട്ജെട്ടി ചിറ്റിലപ്പിള്ളി വീട്ടിൽ ജൂമി (46), അവിണിശ്ശേരി മരോട്ടിക്കൽ വിനോദിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ശാലക്ക് മുന്നിൽ വാഹനത്തിൽ ഫർണിച്ചർ സാധനങ്ങൾ കയറ്റുകയായിരുന്ന അന്തർസംസ്ഥാന തൊഴിലാളികളായ ഹരി സെൻഭെയ് (27), ലിനുസ് ടെറോം (25), പെരിഞ്ചേരി പാറേക്കാട്ട് ഷാന്റെ മകൻ ദൈവിക് ഷാ (മൂന്ന്), തൻവിക് (നാല്), അവിണിശ്ശേരി തെക്കെപ്പുള്ളി രത്നവല്ലി (54), പാണപ്പറമ്പിൽ മുരളി (50), മനക്കൊടി കായ്പാറ രാമചന്ദ്രൻ (50), പാലത്തിങ്കൽ സുരേഷ് (58), എലവത്തൂർ ശാന്ത (65), അവിണിശ്ശേരി തെക്കേ മേപ്പുള്ളി സുരേഷ് ബാബു (60), അഞ്ചേരി പല്ലശനിക്കാരൻ കണ്ണൻ (59), മുത്തു രാമർ (20) എന്നിവരാണ് ആക്രമണത്തിനിരയായത്.
നാട്ടുകാർ പിടികൂടിയ നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരികരിച്ചത്. വളർത്ത് മൃഗങ്ങൾക്ക് കടിയേറ്റുണ്ടെങ്കിൽ പഞ്ചായത്തിനെ അറിയിക്കണമെന്നും അലഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് പ്രതിരോധ വാക്സിനേഷൻ നൽകുമെന്നും പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം ബുധനാഴ്ച ചേരുമെന്നും പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.