ചെറുതുരുത്തി: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ ആഹ്ലാദ പ്രകടനം ആവേശകടലായി. ചെറുതുരുത്തി ചുങ്കം സി.പി.എം ഓഫിസിൽ നിന്നാണ് പ്രകടനത്തിന് തുടക്കം കുറിച്ചത്. മന്ത്രി കെ. രാജൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, മുൻ എം.എൽ.എ അബ്ദുൽ ഖാദർ എന്നിവരും സ്ത്രീകളും മുതിർന്നവരുമുൾപ്പെടെ ആയിരക്കണക്കിനാളുകളുടെ അകമ്പടിയോടെ വാദ്യോപകരണങ്ങളുമായാണ് പ്രകടനം വോട്ടെണ്ണൽ കേന്ദ്രമായ ചെറുതുരുത്തി ഹയർസെക്കൻഡറി സ്കൂളിലേക്ക് എത്തിയത്.
മന്ത്രി കെ. രാജൻ പ്രദീപിന്റെ കഴുത്തിൽ ചുവപ്പ് ഷാൾ അണിയിച്ചു. പ്രകടനത്തെ വരവേൽക്കാൻ സി.പി.എം നെടുമ്പുര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കൂറ്റൻ കേക്കുമായി പ്രവർത്തകർ സ്കൂളിന് സമീപം ഉണ്ടായിരുന്നു.
തുടർന്ന് പ്രദീപ് കേക്ക് മുറിച്ച് മന്ത്രി രാജന് നൽകി. ഇതോടെ കണ്ടുനിന്ന ആയിരക്കണക്കിനാളുകൾ ഒരേസ്വരത്തിൽ മുദ്രാവാക്യം വിളിച്ചു.തുടർന്ന് ഉച്ചക്ക് ഒന്നരയോടെ നിയുക്ത എം.എൽ.എ യു.ആർ. പ്രദീപും കെ. രാധാകൃഷ്ണൻ എം.പിയും തുറന്ന ജീപ്പിൽ പാർട്ടി ഓഫിസ് പരിസരത്തെത്തി. തുടർന്ന് ദേശമംഗലം, വരവൂർ, മുള്ളൂർക്കര, ചേലക്കര എന്നിവിടങ്ങളിലേക്ക് യാത്രതിരിച്ചു. നിരവധി വാഹനങ്ങളും ഇവരെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.