തൃശൂർ: പ്രസിൽ അച്ചടിച്ച് വീടുവീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യുന്ന വോട്ടേഴ്സ് സ്ലിപ്പും ഡിജിറ്റലാകുന്നു. ഫോട്ടോയും ചിഹ്നവും സഹിതം സ്ഥാനാർഥിക്ക് എത്തിച്ചുനൽകാൻ സ്റ്റാർട്ടപ് കമ്പനികളാണ് രംഗത്തിറങ്ങിയത്. പഞ്ചായത്ത് വാർഡിൽ ബൂത്തിന് 1000 രൂപയും കോർപറേഷൻ ഡിവിഷനിൽ ബൂത്തിന് 800 രൂപയുമാണ് മുടക്കേണ്ടത്. ഏത് വാർഡ്, അല്ലെങ്കിൽ ഏത് ഡിവിഷൻ എന്ന് മാത്രം പറഞ്ഞാൽ വോട്ടർമാരുടെ പേരും വോട്ടർ നമ്പറും ഉൾപ്പെടെ എത്തിക്കാമെന്നാണ് വാഗ്ദാനം.
തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽനിന്ന് ' ഡാറ്റാ മൈനിങ് ' നടത്തി ആവശ്യമുള്ള വിവരങ്ങൾ ശേഖരിച്ചാണ് വോട്ടേഴ്സ് സ്ലിപ് തയാറാക്കുന്നതെന്ന് ആക്ട്സ് ഇൻഫോ കമ്പനി സി.ഇ.ഒ സുരേഷ്ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ തയാറാക്കിയിട്ടുണ്ട്. ഡിജിറ്റൽ വോട്ടേഴ്സ് സ്ലിപ് പ്രിൻറ് ചെയ്ത്, ബൈൻഡ് ചെയ്ത് സ്ഥാനാർഥിക്ക് എത്തിക്കും. പ്രതിദിനം ഇരുനൂറ്റമ്പതോളം ആവശ്യക്കാർ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, വോട്ടേഴ്സ് സ്ലിപ് അച്ചടി പ്രതീക്ഷിച്ചിരുന്ന പ്രദേശിക പ്രിൻറിങ് പ്രസുകാരാണ് പ്രതിസന്ധിയിലായത്. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് അൽപം ആശ്വാസമാകുമെന്ന് കരുതിയത് അസ്ഥാനത്താകുമോ എന്ന ആശങ്കയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.