തൃശൂർ: ലോക പുകയിലരഹിത ദിനമായ ചൊവ്വാഴ്ച പുകവലി നിവാരണത്തിന് മൂന്ന് സ്ഥാപനങ്ങളുമായി ജില്ല ആരോഗ്യ വകുപ്പ് രംഗത്ത്. പുകയില പരിസ്ഥിതിക്കും ഭീഷണി എന്ന സന്ദേശവുമായി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബുധനാഴ്ച മുതൽ ജൂൺ 13 വരെ രണ്ടാഴ്ച നീളുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം, പൊതുജനങ്ങൾക്കായുള്ള റീൽസ് മത്സരം, ഡിജിറ്റൽ പോസ്റ്റർ മത്സരം, സെമിനാറുകൾ എന്നിവയും നടത്തുന്നുണ്ട്. ദിനാചരണത്തോടനുബന്ധിച്ച് മൂന്ന് പദ്ധതികളുടെ പ്രഖ്യാപനവും നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ എൻ.കെ. കുട്ടപ്പൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ പുകയില രഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10.30ന് തൃശൂർ സെന്റ് മേരീസ് കോളജ് ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും.
വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.എൻ. സതീഷ്, ടുബാക്കോ കൺട്രോൾ സെൽ നോഡൽ ഓഫിസർ പി.കെ. രാജു, ജില്ല അസി. മീഡിയ ഓഫിസർ സോണിയ എന്നിവരും പങ്കെടുത്തു.
തൃശൂർ: പുകയില ഉൽപന്നങ്ങളുടെ ഉപയോഗം നിർത്തുന്നതിന് സഹായകമായി ജില്ലയിലെ 25 ആരോഗ്യ ഉപകേന്ദ്രങ്ങളിൽ പുകയില നിവാരണ ക്ലിനിക് തുടങ്ങും. ഈ പദ്ധതി സംസ്ഥാനതലത്തിൽ ആദ്യമായി ജില്ലയിലാണ് തുടങ്ങുന്നത്. ഓരോ ക്ലിനിക്കിലും ആഴ്ചയിൽ ഒരു ദിവസം ജീവിതശൈലീ രോഗ നിയന്ത്രണ ക്ലിനിക്കിനോടൊപ്പമാണ് പ്രവർത്തിക്കുന്നത്. കൗൺസലിങ്, നിക്കോട്ടിൻ സബ്സ്റ്റിറ്റ്യൂട്ട് എന്നീ സേവനങ്ങളാണ് ഇവിടെനിന്ന് നേരിട്ട് നൽകുക.
മരുന്ന് ആവശ്യമായി വരുന്നവർക്ക് തിരഞ്ഞെടുത്ത ഹെൽത്ത് സെന്ററുകളുടെ സഹായത്തോടെ ലഭ്യമാക്കും. ഒരു ക്ലിനിക് മുഖേന നാലു പുകവലിക്കാരെ പ്രതിവർഷം മുക്തരാക്കുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെ ജില്ലയിൽ 100 ക്ലിനിക്കുകൾ ആരംഭിക്കും. മറ്റു ജില്ലകളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.
വായിൽ വ്രണങ്ങളും പാടുകളുമായി വരുന്ന പുകയില ഉപയോഗിക്കുന്നവരെ ഡെന്റൽ കോളജുകൾ, സർക്കാർ ഡെന്റൽ ക്ലിനിക്കുകളിലെ ഡോക്ടർമാർ എന്നിവർ ചികിത്സിക്കും. പുകവലി നിവാരണ ക്ലിനിക്കിലൂടെ പരിശീലനം ലഭിച്ച ദന്തരോഗ വിദഗ്ധരെ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ ആദ്യമായി പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ അക്കിക്കാവ് പി.എസ്.എം ഡെന്റൽ കോളജിനോടനുബന്ധിച്ച് ആദ്യ പുകവലി നിവാരണ ക്ലിനിക് തുടങ്ങും. ഇതിന് ആവശ്യമായ പരിശീലനം സ്ഥാപനത്തിലെ ഹൗസ് സർജനുകൾ ഉൾപ്പെടെ 65 ആളുകൾക്ക് നൽകി.
തൃശൂർ: കേന്ദ്രസർക്കാർ ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില രഹിതമാക്കും. എൻ.എസ്.എസ് യൂനിറ്റുകളുടെ സഹായത്തോടെയാണ് ഈ പ്രവർത്തനം പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.