എരുമപ്പെട്ടി: പാരമ്പര്യ വാസ്തുശാസ്ത്രത്തെ തനിമ ചോരാതെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ശിൽപി എ.കെ. ജയൻ പാത്രമംഗലത്തിന്റെ കരവിരുതിൽ ഒരു ക്ഷേത്രം കൂടി പുനർജനിക്കുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള മരത്തംകോട് കിടങ്ങൂർ കാർത്യായനി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് അവസാനഘട്ടത്തിൽ എത്തിയത്. ശ്രീകോവിൽ മാത്രമുണ്ടായിരുന്ന ക്ഷേത്രം കാലക്രമേണ ക്ഷയിച്ച് നശിച്ചപ്പോൾ നാട്ടുകാരടങ്ങുന്ന പുനരുദ്ധാരണ കമ്മിറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശ്രീകോവിൽ, നമസ്കാര മണ്ഡപം, വലയമ്പലം, ചുറ്റമ്പലം തുടങ്ങിയവയോടു കൂടിയാണ് ക്ഷേത്രം പുനർനിർമിക്കുന്നത്. പൂർണമായും മരത്തിൽ നിർമിച്ച ശ്രീകോവിൽ, നമസ്കാരമണ്ഡപം തുടങ്ങിയവ കേരള വാസ്തുവിദ്യയെ അടിസ്ഥാനമാക്കി കേരളീയത്തനിമ നിലനിർത്തി തന്നെയാണ് നിർമിച്ചിട്ടുള്ളത്.
പിതാവായ പ്രമുഖ വാസ്തുശില്പി ചിറ്റാട്ടുകര കൊച്ചുകൃഷ്ണന്‍ ആശാരിയില്നിന്നാണ് ജയൻ വാസ്തുശാസ്ത്രത്തിന്റെ പാഠങ്ങള്‍ മനസ്സിലാക്കുന്നത്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ശിൽപകല അധ്യാപകനായ എ.കെ. ജയന് 1993ൽ ശിൽപകലക്കുള്ള കേരള ലളിതകല അക്കാദമിയുടെ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ മുപ്പത്തിലധികം ക്ഷേത്രങ്ങളുടെ നിർമാണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രീതയാണ് ഭാര്യ. മകള്‍: ആര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.