എരുമപ്പെട്ടി: കുട്ടഞ്ചേരി ഗവ.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിൽനിന്ന് ഫാനും ലൈറ്റുകളും ഊരികൊണ്ട് പോകാനുള്ള പൊതുമരാത്ത് വകുപ്പിന്റെ ശ്രമം സ്കൂൾ കമ്മിറ്റി അംഗങ്ങൾ തടഞ്ഞു. സംസ്ഥാന സർക്കാർ പൊതുവിദ്യഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
ഈ കെട്ടിടത്തിൽ നിന്നാണ് പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ എ.ഇയുടെ നിർദേശപ്രകാരം തൊഴിലാളികൾ ഫാനുകളും ട്യൂബ് ലൈറ്റുളും കൊണ്ട് പോകാൻ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ സ്കൂൾ പി.ടി.എ, എസ്.ആർ.ജി കമ്മിറ്റിയംഗങ്ങളാണ് ഇത് തടഞ്ഞത്. കെട്ടിടത്തിലെ ക്ലാസ് മുറികൾക്കാവശ്യമായ ഫാനുകളും ട്യൂബ് ലൈറ്റുകളുമാണ് സ്ഥാപിച്ചത്. ഇതിൽനിന്ന് രണ്ട് ഫാനുകളും നാല് ട്യൂബ് ലൈറ്റുകളുമാണ് എസ്റ്റിമേറ്റ് തുകയേക്കാൾ ഫണ്ട് കൂടതലാണെന്നും പറഞ്ഞ് ഇലക്ട്രിക്ക് വിഭാഗം കരാറുകാരന്റെ തൊഴിലാളികൾ ഊരി കൊണ്ട് പോകാൻ ശ്രമിച്ചത്. നിർമാണം പൂർത്തിയാക്കി സ്കൂളിന് കൈമാറിയ കെട്ടിടത്തിൽനിന്ന് സ്കൂൾ അധികൃതരെ അറിയിക്കാതെയാണ് കരാറുകാരൻ ഇതിന് ശ്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ പി.ടി.എ പ്രസിഡന്റ് ഒ.വി.ഷനോജ്, എസ്.ആർ.ജി കൺവീനർ കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ ശ്രമം തടഞ്ഞ് തൊഴിലാളികളെ തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.