എരുമപ്പെട്ടി: വെള്ളക്കൊട് മനപ്പടിയിൽ കുടിവെള്ളപദ്ധതിയുടെ നിര്‍മാണം തടഞ്ഞ കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് നേതാവ് വി.കെ. രഘു, ഉണ്ണികൃഷ്ണൻ, ചരിത, വാർഡ് മെംബർമാരായ ദീപ രാമചന്ദ്രൻ, ലിപിൻ കെ. മോഹനൻ, ബി.ജെ.പി കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.എ. അഭിലാഷ്, യുവമോർച്ച പ്രവർത്തകരായ രാജേഷ്, പി.എസ്. രൺജിത്ത്, എം.വി. ധനേഷ്, കെ.ബി. അഭിലാഷ്, സുനിൽകുമാർ, സരസ്വതി എന്നിവരെയുമാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്തിലെ ഏഴാം വാർഡ് വടാശ്ശേരി കുടിവെള്ളപദ്ധതിയുടെ കിണർ സ്ഥിതിചെയ്യുന്നത് എട്ടാം വാർഡിലെ വെള്ളറക്കാട് മനപ്പടിയിലാണ്.
വെള്ളറക്കാട് മനപ്പടി സ്കൂൾ പരിസരത്ത് നിർമിച്ച കുഴൽക്കിണറിലെ വെള്ളം പരിസരവാസികളായ 89 വീട്ടുകാർക്ക് നൽകാതെ മറ്റുഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെ എതിർത്താണ് ഇരുവിഭാഗവും നിർമാണപ്രവർത്തനം തടഞ്ഞ് സമരം നടത്തിയത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കുകൂടി ഈ പദ്ധതിയിൽനിന്ന് വെള്ളം നൽകണമെന്നാണ് കോൺഗ്രസും ബി.ജെ.പിയും ആവശ്യപ്പെടുന്നത്.
പഞ്ചായത്ത് പ്രസിഡൻറിെൻറ പ്രത്യേക താൽര്യപ്രകാരം യഥാർഥ ഗുണഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. സ്ഥലത്തെത്തിയ കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജിെൻറ സാന്നിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഗുണഭോക്താക്കളുടെ വിപുലമായ യോഗം വിളിച്ചുചേർക്കാനും അതുവരെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാനും തീരുമാനിച്ചു.
പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയുള്ളതാണ് വടാശ്ശേരി കുടിവെള്ളപദ്ധതിയെന്നും കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയലക്ഷ്യത്തോടെയാണ് പദ്ധതിയുടെ ഏഴാം വാർഡിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി തടസ്സപ്പെടുത്തിയതെന്നും കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ഏഴാം വാർഡ് മെംബറുമായ രമണി രാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.