എരുമപ്പെട്ടി: ഗവ. സ്കൂൾ പരിസരത്ത് കുടുംബശ്രീ സ്ഥാപിച്ച പിങ്ക് കഫേക്കെതിരെ സമരം ചെയ്ത കോൺഗ്രസ് നേതാക്കളെയും പഞ്ചായത്തംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിങ്ക് കഫേയിലേക്ക് ഉപകരണങ്ങൾ കൊണ്ടുവന്നിറക്കാൻ ശ്രമിച്ചത് സമരം നടത്തുന്ന വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു.
ഇതിൽ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവർത്തകർക്കൊപ്പം എത്തിയ സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് നേരിട്ടതോടെ പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വഴിയാത്രക്കാർക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ സ്ഥാപിച്ച പിങ്ക് കഫേ മാറ്റണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗം എം.സി. ഐജുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം മൂന്നുദിവസം പിന്നിടുമ്പോഴാണ് അറസ്റ്റ്. പഞ്ചായത്ത് അംഗങ്ങളായ എം.സി. ഐജു, റീന വർഗീസ്, റിജി ജോർജ്, സതി മണികണ്ഠൻ എന്നിവരടക്കം ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഭരണത്തിന്റെ ധാർഷ്ട്യത്തിൽ സി.പി.എമ്മിന്റെ നേതാക്കൾ ബലമായി വിവാദ പിങ്ക് കഫേയിലേക്ക് ഉപകരണങ്ങൾ കൊണ്ടുവന്നിറക്കാൻ ശ്രമിക്കുകയായിരുന്നു എന്നും സമരവേദിയിലെ വനിത പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സമരത്തെ അടിച്ചമർത്തുന്ന സി.പി.എം നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച രാവിലെ മുതൽ അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് എൻ.കെ. കബീർ അറിയിച്ചു. തിങ്കളാഴ്ച രാത്രി 10ഓടെയാണ് എരുമപ്പെട്ടി പതിനേഴാം വാർഡിലെ പൊലീസ് ക്വാർട്ടേഴ്സിനു മുന്നിൽ പിങ്ക് കഫേ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.