എരുമപ്പെട്ടി: സംസ്ഥാന സർക്കാറിന്റെ മൂന്നാം നൂറുദിന കർമ പരിപാടികളുടെ ഭാഗമായി പതിനായിരം ഫാം പ്ലാനുകളുടെ പൂർത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഞായറാഴ്ച വരവൂരിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറയിച്ചു.
ഉച്ചക്കുശേഷം മൂന്നിന് വരവൂർ ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന പരിപാടി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഓരോ പഞ്ചായത്തിൽനിന്നും തെരഞ്ഞെടുത്ത10 മാതൃക കർഷകർക്ക് കൃഷിക്ക് സാമ്പത്തിക സഹായം നൽകിയാണ് 10,000 ഫാമുകൾ പൂർത്തീകരിച്ചത്. മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
പ്രാദേശിക ഉൽപന്നങ്ങളുടെ പ്രീമിയം ഔട്ട്ലെറ്റ് ഉദ്ഘാടനം മന്ത്രി കെ. രാജനും കാർഷിക ഉൽപന്ന സമാഹരണത്തിനുള്ള അഗ്രിഗേഷൻ സെന്ററുകളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദുവും നിർവഹിക്കും.
വാർത്തസമ്മേളനത്തിൽ വരവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുനിത, ഓർഗാനിക് ഫാമിങ് ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു ജോർജ്, ആത്മ പ്രോജക്ട് ഡയറക്ടർ നീന കെ. മേനോൻ, വടക്കാഞ്ചേരി ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ അജിത്ത് മോഹൻ, എരുമപ്പെട്ടി അസിസ്റ്റൻറ് കൃഷി ഓഫിസർ എൻ.വി. രജനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.