തൃശൂർ: അയ്യന്തോൾ കലക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടക്കുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യാൻ ആർ.ടി.ഒക്ക് നിർദേശം നൽകി. വാഹനങ്ങൾ ഉടനടി ഏറ്റെടുക്കുന്നത് സംബന്ധിച്ച് എല്ലാ വകുപ്പുകൾക്കും ആർ.ടി.ഒ കത്ത് നൽകി. ബാക്കി വാഹനങ്ങൾ ഏറ്റെടുത്ത് ലേലം ചെയ്യുകയോ സ്ക്രാപ് ആയി ഒഴിവാക്കുകയോ ചെയ്യും.
കലക്ടറേറ്റ് പരിസരം ശുചീകരിക്കാൻ ഹരിത കേരളം മിഷനും പൊതുമരാമത്ത് വകുപ്പും സംയുക്ത പരിശോധന നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം. വെങ്കിടങ്ങ് കായൽ കൈയേറ്റം തടയാൻ രാത്രികാല പൊലീസ് പട്രോൾ നടത്തും. തീരദേശ പരിപാലന നിയമ ലംഘനത്തിന് കൈയേറ്റക്കാർക്ക് തദ്ദേശ ഭരണ ജോയന്റ് ഡയറക്ടർ നോട്ടീസ് നൽകി.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ അടിസ്ഥാനത്തിൽ പ്രളയ സാധ്യതയുള്ളതും അടിയന്തിര ഇടപെടൽ ആവശ്യമുള്ളതുമായ സ്ഥലങ്ങളിലെ തോടുകൾ വൃത്തിയാക്കാൻ നടപടിയായി. രൂക്ഷമായ കടലാക്രമണം നേരിടുന്ന കയ്പമംഗലം, ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലെ തീരദേശങ്ങളിൽ സുസ്ഥിര സംരക്ഷണ പ്രവൃത്തിക്ക് എൻ.സി.സി.ആറിന്റെ ഡിസൈൻ ലഭ്യമാക്കാൻ നടപടിയായി.
നെൽ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക ജൂൺ 30നകം ലഭ്യമാക്കാൻ നടപടിയെടുത്തതായി ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. പെൻഷൻ ലഭിക്കാനുള്ള മസ്റ്ററിങ് കാലാവധി നീട്ടണമെന്ന് പ്രമേയം ഇ.ടി. ടൈസൺ എം.എൽ.എ അവതരിപ്പിച്ചു. എം.എൽ.എമാരായ കെ.കെ. രാമചന്ദ്രൻ, സി.സി. മുകുന്ദൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എ.ഡി.എം ടി. മുരളി, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.