ചാവക്കാട്: പുറമ്പോക്കിൽ അനധികൃതമായി നിർമിച്ച വീടിന് വൈദ്യുതി ലഭിക്കാൻ സെക്രട്ടറിയുടെ വ്യാജ സീൽ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. തിങ്കളാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ എൽ.ഡി.എഫ് പാർലമെൻററി കമ്മിറ്റി ലീഡർ എം.ബി. രാജേഷാണ് സമഗ്ര അന്വേഷണമാവശ്യപ്പെട്ടത്.
തീരമേഖലയിലെ പുറമ്പോക്കുഭൂമി കൈക്കലാക്കാനാണ് വ്യാജരേഖ ചമച്ച് വൈദ്യുതിക്കായി പുന്നയൂർക്കര കെ.എസ്.ഇ.ബി ഓഫിസിൽ നൽകിയത്. സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന യു.ഡി.എഫ് ഭരണസമിതി അംഗങ്ങൾക്ക് പങ്കുണ്ടെന്നാണ് എൽ.ഡി.എഫ് ആരോപണം. പഞ്ചായത്ത് സെക്രട്ടറിയുടേതായി സമർപ്പിച്ച നിരാക്ഷേപ പത്രം വ്യാജമാണെന്ന് സെക്രട്ടറിതന്നെ സമ്മതിക്കുകയും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് ഓഫിസിനകത്ത് അധികാരമുള്ള ഒരാൾക്കു മാത്രമേ ഇത് ചെയ്യാനാകൂ എന്നും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് ഇതിന് പിന്നിലെന്നും പഞ്ചായത്ത് പ്രസിഡൻറിെൻറ പിന്തുണയോടെയാണ് ഇതെല്ലാം നടന്നിട്ടുള്ളതെന്നും അംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പൊലീസ് അധികാരികളോട് ആവശ്യപ്പെടുന്നതിന് ഭരണസമിതി ഏകകണ്ഠമായി തീരുമാനമെടുക്കണമെന്ന എൽ.ഡി.എഫ് അംഗങ്ങളുടെ ആവശ്യം ഭരണസമിതി നിരാകരിച്ചതോടെയാണ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. എം.ബി. രാജേഷിനൊപ്പം കെ.വി. അബ്ദുൽ കരീം, സുമ വിജയൻ, ഷമീം അഷറഫ്, സുഹറ ബക്കർ, സി.എം. സുധീർ, ആശ രവി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.