ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിലേക്ക് ഈ വർഷം നാല് കോടി രൂപയുടെ മരുന്നുകൾ ലഭിച്ചതായി ആശുപത്രി അധികൃതർ. രണ്ട് കോടി രൂപയുടെ മരുന്നാണ് മുൻവർഷം ലഭിച്ചത്. ആശുപത്രി വികസനസമിതി യോഗത്തിൽ ആശുപത്രി സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലെ ഡയാലിസിസ് കെട്ടിട നിർമാണം അന്തിമഘട്ടത്തിലാണ്. അതേസമയം ഡയാലിസിസ് മെഷീനുകൾക്കായിട്ടുള്ള ഫണ്ട് ശരിയായിട്ടില്ലെന്നും നാല് മെഷീനുകൾ സജ്ജീകരിക്കാൻ 60 ലക്ഷം രൂപ വരുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് അറിയിച്ചു. ഫണ്ടിനായി എം.പിക്ക് അപേക്ഷ നൽകാൻ യോഗം തീരുമാനിച്ചു.
ആശുപത്രിയിൽ രണ്ട് ടോയ്ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് രൂപ ഈടാക്കി ടോയ്ലറ്റുകൾ തുറന്ന് കൊടുക്കാൻ യോഗം തീരുമാനിച്ചു. ആശുപത്രി വികസന സമിതി നിയോഗിച്ച എൺപതോളം കരാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചുനൽകാനും തീരുമാനമായി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിലേക്ക് വാങ്ങിക്കുന്ന ആംബുലൻസിന് പർച്ചേയ്സ് ഓർഡർ നൽകി കഴിഞ്ഞിട്ടുണ്ട്. നഗരസഭയിൽ നിന്നുള്ള 31 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിക്കുന്ന അത്യാധുനിക മോർച്ചറിയുടെ നിർമാണ പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. ശുചിത്വമിഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനും ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ ഒ.പി കെട്ടിടത്തിന്റെ നിർമാണം അടുത്ത വർഷം നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയിലേക്കുള്ള സന്ദർശകരുടെ സമയം വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ ആക്കാനും തീരുമാനിച്ചു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ജയ്സൻ പാറേക്കാടൻ, വാർഡ് കൗൺസിലർ പി.ടി. ജോർജ്, എം.പിയുടെ പ്രതിനിധി ഷൈജു കുറ്റിക്കാട്ട്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.സി. വർഗീസ്, കെ.എ. റിയാസുദ്ദീൻ, വി.സി. രമേഷ്, കെ.എസ്. പ്രസാദ്, നഴ്സിങ് സൂപ്രണ്ട് ഉമാദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.