ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ അമിത വേഗതയില്‍ കരുവന്നൂരില്‍ ഒരു ജീവന് പൊലിഞ്ഞതിന് പിറകെ ഇരിങ്ങാലക്കുടയില്‍ പോലീസ് പരിശോധനയില്‍ മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് കരുവന്നൂര്‍ ചെറിയപാലത്തില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് തേലപ്പിള്ളി സ്വദേശി മരണപ്പെട്ടത്.
ഇതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധിച്ച് ബസുകള്‍ വഴിതിരിച്ച് വിട്ടിരുന്നു. പരിശോധന കര്‍ശനമാക്കാം എന്ന പൊലീസിന്റെ ഉറപ്പിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് റൂറല്‍ എസ്.പി നവനീത് ശര്‍മ്മയുടെ നിര്‍ദേശപ്രകാരം ചേര്‍പ്പ് സ്റ്റേഷന് പരിധിയിലും ഇരിങ്ങാലക്കുട സ്റ്റേഷന് പരിധിയില്‍ ബസ് സ്റ്റാൻഡ്, എ.കെ.പി ജങ്ഷന് എന്നിവിടങ്ങളിലും ബുധനാഴ്ച രാവിലെ പരിശോധന നടത്തിയത്.
പരിശോധനയില്‍ തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സർവിസ് നടത്തുന്ന ആകാശ് ബസ്സിലെ ഡ്രൈവര്‍ പെരിഞ്ഞനം സ്വദേശി പണിയേടത്ത് വീട്ടില്‍ സജീവന്, ഇരിങ്ങാലക്കുട-ചെമ്മണ്ട റൂട്ടില്‍ സർവിസ് നടത്തുന്ന ഗോവിന്ദ് ചക്രമത്ത് ബസ് ഡ്രൈവര്‍ മാള സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ജീമോന്‍ എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്.ഐ ആല്‍ബി തോമസ് വര്‍ക്കിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.