കൊടകര: വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിക്കു സമീപം മുപ്ലി പുഴയില്‍ രൂപപ്പെട്ട മണ്‍തുരുത്ത് നീക്കം ചെയ്യാത്തത് കോളനിയിലെ കുടുംബങ്ങള്‍ക്ക് ദുരിതമാകുന്നു. മഴ കനത്തുപെയ്താല്‍ തുരുത്ത് കാരണം പുഴയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറുന്നതായി കോളനിവാസികള്‍ പരാതിപ്പെട്ടു.
ചാലക്കുടി വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന കാരിക്കടവ് വനത്തിലാണ് കാരിക്കടവ് ആദിവാസി കോളനി. മറ്റത്തൂര്‍ പഞ്ചായത്തിലെ ചൊക്കന വാര്‍ഡില്‍ ഉള്‍പ്പെടുന്ന കോളനിയില്‍ മലയര്‍ വിഭാഗത്തില്‍ പെട്ട 15 കുടുംബങ്ങളാണ് താമസിക്കുന്നത്.
കോളനി മുപ്ലി പുഴയോടു ചേര്‍ന്നായതിനാല്‍ മലവെള്ളപ്പാച്ചിലുണ്ടാകുമ്പോഴെല്ലാം കോളനിയിലേക്ക് പുഴവെള്ളം കയറും. 2018ലെ പ്രളയത്തില്‍ കോളനിയിലെ പകുതിയോളം വീടുകള്‍ മുങ്ങി. കഴിഞ്ഞ വര്‍ഷവും മഴക്കാലത്ത് വെള്ളം കയറിയതിനാൽ കുടുംബങ്ങളെ ഏതാനും ദിവസത്തേക്ക് വെള്ളിക്കുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റേണ്ടിവന്നു.
2018ലെ പ്രളയത്തില്‍ കോളനിക്കു സമീപം പുഴയില്‍ വന്നടിഞ്ഞ കല്ലും മണ്ണും മണലും ചേര്‍ന്നാണ് പുഴയുടെ നടുവില്‍ തുരുത്ത് രൂപപ്പെട്ടത്. മഴക്കാലത്ത് പുഴ തുരുത്തിന് ഇരുവശത്തേക്കും വഴിമാറി ഒഴുകാന്‍ തുടങ്ങിയതിനാൽ കോളനിയുടെ അതിര്‍ത്തിയിലുള്ള കൃഷിഭൂമി ഇടിഞ്ഞുനശിക്കാന് കാരണമായി. വെള്ളം ശരിയായി ഒഴുകിപ്പോകാന്‍ കഴിയാതെ പുഴ ദിശമാറി ഒഴുകുന്നതു മൂലം ബണ്ടിടിഞ്ഞ് നശിച്ചിട്ടുമുണ്ട്.
പുഴയുടെ മധ്യത്തിലെ വലിയ തുരുത്ത് ഓരോ മഴക്കാലം കഴിയുമ്പോഴും കുടുതല്‍ വിസ്തൃതമായി വരികയാണ്. തുരുത്തില് വളരുന്ന കുറ്റിച്ചെടികളും നീരൊഴുക്കിനു തടസമാകുന്നുണ്ട്. വെള്ളക്കെട്ടിനും ബണ്ടിടിച്ചിലിനും കാരണമാകുന്ന തുരുത്ത് നീക്കം ചെയ്യാന്‍ നടപടി വേണമെന്ന് നാലുവര്‍ഷത്തോളമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ലെന്ന പരാതിയാണ് ആദിവാസികള്‍ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.