കൊടകര: മറ്റത്തൂരിലെ ചെട്ടിച്ചാലില്‍ ഔഷധസസ്യ അര്‍ധ സംസ്കരണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നു. മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ ഈ സംരംഭം സഹകരണ മേഖലയില്‍ സ്ഥാപിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ഔഷധസസ്യ സംസ്കരണ കേന്ദ്രമാണ്. മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം നടപ്പാക്കിവരുന്ന ഔഷധവനം പദ്ധതിയുടെ ഭാഗമായി ഔഷധ സസ്യസംസ്കരണ കേന്ദ്രം തുടങ്ങാന്‍ 2019ലാണ് ശ്രമം തുടങ്ങിയത്. 2020ല്‍ പദ്ധതിക്ക് അംഗീകാരം ലഭ്യമായി.
സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, കെ.എഫ്.ആര്.ഐ, ഔഷധി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. കുറുന്തോട്ടി ഉള്‍പ്പെടെയുള്ള പച്ചമരുന്നുകള്‍ ഔഷധ നിർമാതാക്കള്‍ക്ക് നേരിട്ട് ലഭ്യമാകും. സംസ്കരിച്ച പച്ചമരുന്നുകള്‍ കേക്ക് രൂപത്തില്‍ സൊസൈറ്റിയില്‍നിന്നും ലഭിക്കും. ഔഷധശാലകളില്‍ ഗോഡൗണുകള്‍ നിര്‍മിച്ച് പച്ചമരുന്നുകള്‍ ശേഖരിച്ചുവെക്കുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. സംസ്ഥാന സഹകരണ വകുപ്പില്‍നിന്ന് രണ്ടുകോടിയും സംഘം ഫണ്ടായ ഒരു കോടിയും ഉപയോഗിച്ച് മൂന്നുകോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് 250 പേര്‍ക്ക് നേരിട്ടുതൊഴില് നല്കാന് ഇതിലൂടെ കഴിയും. ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കുക വഴി 500 കര്‍ഷകര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും.
ഔഷധ സസ്യങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആയിരത്തോളം ഗ്രാമീണര്‍ക്കും 500ലധികം ആദിവാസികള്‍ക്കും പദ്ധതിയിലൂടെ തൊഴിലവസരങ്ങള്‍ ഒരുക്കും. പ്രതിവര്‍ഷം 1000 ടണ്‍ ഔഷധ സസ്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ശേഷിയാണ് മറ്റത്തൂരിലെ കേന്ദ്രത്തിനുള്ളത്. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഏകോപനത്തിലൂടെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ആയിരം ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കുമെന്ന് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം സെക്രട്ടറി കെ.പി. പ്രശാന്ത് പറഞ്ഞു. അടുത്ത വര്‍ഷത്തോടെ ഇടുക്കി, വയനാട്, മലപ്പുറം, എറണാകുളം ജില്ലയിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഇതിനായി ഔഷധ സസ്യകൃഷിക്കായി ഓരോ ജില്ലയിലും സംഘത്തിന്റെ നേതൃത്വത്തില്‍ ക്ലസ്റ്ററുകള്‍ രൂപവത്കരിച്ചുവരികയാണ്.
ആദ്യഘട്ടത്തില്‍ മുന്‍ ധാരണയിലുള്ള ഔഷധ നിര്‍മാതാക്കള്‍ക്കും രണ്ടാം ഘട്ടം മുതല്‍ ചെറുകിട ആയുര്‍വേദ മരുന്നു നിര്‍മാണ ശാലകള്‍ക്കും ഇത് ലഭ്യമാക്കും. മൂന്നാംഘട്ടം മുതല്‍ ആയുര്‍വേദ മരുന്ന് വിപണന ഷോപ്പുകളിലേക്കും ഉൽപന്നങ്ങള് എത്തിക്കും. ഇതോടൊപ്പം പാവക്ക, നെല്ലിക്ക, കറ്റാര്‍വാഴ പോലെയുള്ളവ ജ്യൂസാക്കി വിപണനം നടത്തുന്നതിനും ധാരണയായിട്ടുണ്ട് . ഔഷധകൂട്ടുകള്‍ വാക്ക്വം പാക്ക് ചെയ്ത് ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റഫോം പദ്ധതിയും നാലാം ഘട്ടത്തില്‍ വിഭാവനം ചെയ്യുന്നു. അഞ്ചാം ഘട്ടത്തില്‍ മൂല്യവർധിത ഉൽപന്നങ്ങള് ഉണ്ടാക്കി കയറ്റുമതി നടത്താനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.