കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ താളൂപ്പാടത്ത് ശനിയാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. താളൂപ്പാടം മുണ്ടാടന്‍ ബാബുവിന്റെ കൃഷിയിടത്തിലാണ് കാട്ടാനകളുടെ വിളയാട്ടത്തില്‍ കനത്ത നാശനഷ്ടമുണ്ടായത്. ഏഴോളം ആനകളടങ്ങിയ കൂട്ടമാണ് രാത്രിയില്‍ ബാബുവിന്റെ പറമ്പിലെത്തിയത്. ഒരു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുക്കാനിരുന്ന മുന്നൂറോളം നേന്ത്രവാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചു. വാഴകള്‍ ഒടിച്ചിട്ട് അവയുടെ വാഴപ്പിണ്ടിയാണ് ആനകള്‍ തിന്നിട്ടുള്ളത്. മൂപ്പെത്താത്ത വാഴക്കുലകള്‍ പറമ്പില്‍ ചിതറിക്കിടക്കുന്ന നിലയിലാണ്.
കൃഷിയിടത്തോടുചേര്‍ന്നുള്ള വനംവകുപ്പിന്റെ തേക്കുതോട്ടത്തിലൂടെയാണ് കൊമ്പനും കുട്ടിയാനകളും അടങ്ങിയ കൂട്ടം എത്തിയത്. പുലരുവോളം കൃഷിതോട്ടത്തില്‍ വിഹരിച്ച ആനകള്‍ ഒരു തെങ്ങ് മറിച്ചിടുകയും അടയ്ക്കാമരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
മൂന്നുമാസം മുമ്പും ബാബുവിന്റെ പറമ്പില്‍ കാട്ടാനകളെത്തി കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി കാട്ടാനശല്യത്താല്‍ പൊറുതിമുട്ടി കഴിഞ്ഞിരുന്ന താന്‍ ഈ സംഭവത്തോടെ വാഴകൃഷി ഉപേക്ഷിക്കാന്‍ നിര്ബന്ധിതനായിരിക്കയാണെന്ന് ബാബു പറഞ്ഞു. കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പനും വനംവകുപ്പ് അധികൃതരും സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.