കൊടുങ്ങല്ലൂർ: കോവിഡ് മൂന്നാം തരംഗ ഭീതിയിൽ കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സിക്ക് വൻ വരുമാന നഷ്ടം. പ്രതിദിനം 17 മുതൽ 19 വരെ സർവിസുള്ള കൊടുങ്ങല്ലൂർ ബസ് സ്റ്റേഷനിൽ കലക്ഷൻ മൂന്ന് ലക്ഷം വരെയായിരുന്നു. ഇതാകട്ടെ നേർ പകുതിയായി.
മികച്ച കലക്ഷൻ ഉണ്ടായിരുന്ന സർവിസുകളെയെല്ലാം കോവിഡ് ഭീതി കാര്യമായി ബാധിച്ചു. യാത്രക്കാർ കുറഞ്ഞതാണ് വരുമാന ഇടിവിന് കാരണം. രാവിലെയും വൈകീട്ടുമാണ് ബസുകളിൽ ഭേദപ്പെട്ട രീതിയിൽ യാത്രക്കാരുള്ളത്. സർക്കാർ, സർക്കാർ ഇതര മേഖലകളിൽ ജോലി ചെയ്യുന്നവരും തൊഴിലാളികളും ഉൾപ്പെടുന്ന അത്യാവശ്യക്കാർ മാത്രമാണ് ബസുകളെ ആശ്രയിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കൊടുങ്ങല്ലൂരിൽനിന്ന് മലക്കപ്പാറയിലേക്ക് നടത്തിയിരുന്ന ടൂറിസ്റ്റ് സർവിസുകളിൽനിന്ന് പ്രതിമാസം ഒരു ലക്ഷത്തിലേറെയായിരുന്നു വരുമാനം.
അതാകട്ടെ, തീർത്തും ഇല്ലാതായി. ദീർഘദൂര സർവിസുകളെയും എറണാകുളം - ഗുരുവായൂർ റൂട്ടിൽ വിടുന്ന വണ്ടികളെയും ഒരുപോലെ കലക്ഷൻ കുറവ് ബാധിച്ചു. തിരുവനന്തപുരം സർവിസിനായിരുന്നു മുന്തിയ കലക്ഷൻ. പ്രതിദിനം 35,000 രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്ത് 25,000 രൂപയിൽ താഴെയാണ് ഇപ്പോഴത്തെ വരവ്.
നല്ലപോലെ ആളുണ്ടായിരുന്ന ശിവഗിരി മഠം സർവിസിൽനിന്ന് 25,000 വരെയായിരുന്നു പ്രതിദിന വരവ്. അതിപ്പോൾ 12,000ത്തിലേക്ക് താഴ്ന്നു. കുമളി സർവിസിൽ 26,000 വരെ കലക്ഷൻ കിട്ടിയിരുന്നത് പകുതിയിൽ താഴെയായി. മൂന്നാർ, കോഴിക്കോട് ഉൾപ്പെടെയുള്ള സർവിസുകൾക്കും 'കോവിഡ് ബാധയേറ്റു'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.