കൊടുങ്ങല്ലൂർ: ചെകുത്താനെ ഓടിക്കാൻ കുരിശ് ഉപയോഗിക്കുന്നപോലെ പരാതിക്കാരെ ഓടിക്കാനായി സർക്കാർ ഉദ്യോഗസ്ഥർ ചട്ടങ്ങളെയും നിയമങ്ങളെയും ഉപയോഗിക്കരുതെന്ന് മന്ത്രി കെ. രാജൻ. സർക്കാർ തീരുമാനങ്ങളുടെ കാതൽ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തിയ മന്ത്രി ഭരണത്തിന്റെ ഗുണഫലങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയാണ് അദാലത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ‘കരുതലും കൈത്താങ്ങും’ കൊടുങ്ങല്ലൂർ താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭിക്കണമെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സാങ്കേതികതകൾക്കപ്പുറത്ത് മനുഷ്യരെ മനുഷ്യരായി കാണാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അവർ പറഞ്ഞു.
267 പരാതികളും അപേക്ഷകളും പരിഗണിച്ചു. ഉദ്ഘാടന വേദിയിൽ 11 റേഷൻ കാർഡുകളും 10 പട്ടയങ്ങളും മന്ത്രിമാരും എം.എൽ.എമാരും ചേർന്ന് വിതരണം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. ഗിരിജ, രേഖ ഷാന്റി, ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കലക്ടർ അഖിൽ വി. മേനോൻ, ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരായ സീനത്ത് ബഷീർ, എം.എസ്. മോഹനൻ, നിഷ അജിതൻ, ഡെയ്സി, ജില്ല പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൊടുങ്ങല്ലൂർ: പതിറ്റാണ്ടുകളായി പട്ടയത്തിനപേക്ഷിച്ച് കാത്തിരിക്കുന്ന 84 വയസ്സുകാരി പത്മാവതി അമ്മക്കും കുടുംബത്തിനും അദാലത്ത് തുണയായി. ലോകമല്ലേശ്വരം കുണ്ടൂർ വീട്ടിൽ പരേതയായ അമ്മിണി അമ്മയുടെ സഹോദരി പത്മാവതി അമ്മ, അമ്മിണി അമ്മയുടെ മക്കളായ രാജീവൻ, അംബികാദേവി ഗീതാദേവി, മായാദേവി, എന്നിവർക്കാണ് ഡിസംബർ 31 നുള്ളിൽ പട്ടയം നൽകാൻ റവന്യൂ മന്ത്രി കെ. രാജൻ നിർദേശം നൽകിയത്. പത്മാവതി അമ്മയും സഹോദരിയുടെ മക്കളും അവിവാഹിതരാണ്. അവിവാഹിതർക്കുള്ള പെൻഷനാണ് ഇവരുടെ ഇപ്പോഴത്തെ ഏക വരുമാനം.
മേത്തലയിലെ ജന്മനാ കാഴ്ച, കേൾവി പരിമിതികൾ നേരിടുന്ന ജിഷ്ണയും ഭർത്താവ് വിഷ്ണുവും മക്കളായ വൈഷ്ണവിയും ദീക്ഷിതയും അടങ്ങുന്ന കുടുംബത്തിന് എ.എ.വൈ കാർഡ് നൽകാൻ മന്ത്രി ഡോ. ആർ. ബിന്ദു താലൂക്ക് സപ്ലൈ ഓഫിസർക്ക് നിർദേശം നൽകി. നിലവിൽ ജിഷണക്കും കുടുംബത്തിനും മുൻഗണനാ കാർഡാണുള്ളത്.
ഒന്നാം ക്ലാസ് വിദ്യാർഥിനി വൈഷ്ണവിയും എൽ.കെ.ജി വിദ്യാർഥിനി ദീക്ഷിതയും കാലടി സഹവാസ വിദ്യാലയത്തിൽ താമസിച്ച് പഠിച്ചു വരികയാണ്.
കൊടുങ്ങല്ലൂർ സ്വദേശി കുഴിക്കണ്ടത്തിൽ വീട്ടിൽ ബീരാന് ചികിത്സാ സംബന്ധമായ പരിരക്ഷകൾ ഉറപ്പ് നൽകുന്ന വിധത്തിൽ റേഷൻ കാർഡ് മാറ്റി നൽകാൻ മന്ത്രി താലൂക്ക് സപ്ലൈ ഓഫിസർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.