കൊടുങ്ങല്ലൂർ: യുദ്ധഭൂമിയിൽനിന്ന് രക്ഷമാർഗം തേടി വിദ്യാർഥികൾ. ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ച് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളുടെ ആശങ്ക നിറഞ്ഞ സന്ദേശങ്ങൾ രക്ഷിതാക്കളുടെ നെഞ്ചുരുക്കിക്കൊണ്ടിരിക്കുകയാണ്.
റഷ്യൻ-യുക്രെയ്ൻ പോരാട്ടം രൂക്ഷമായതോടെ മക്കളെയോർത്ത് നാട്ടിലുള്ള രക്ഷിതാക്കളുടെ വേവലാതിയേറുകയാണ്. തങ്ങൾ സുരക്ഷിതരാണെന്ന ചില വിദ്യാർഥികളുടെ സന്ദേശം പോലും മാതാപിതാക്കളെ സാന്ത്വനിപ്പിക്കുന്നില്ല. നാട്ടിലെത്തിക്കാനുള്ള സർക്കാറിന്റെ അടിയന്തര ഇടപെടലുകളാണ് യുക്രെയ്നിൽ കഴിയുന്ന വിദ്യാർഥികളും നാട്ടിൽ ആധിയോടെ കഴിയുന്ന മാതാപിതാക്കളും ആവശ്യപ്പെടുന്നത്.
ശ്രീനാരായണപുരം അഞ്ചങ്ങാടി വെള്ളക്കാട്ടുപടി അബ്ദുൽ നാസറിന്റെയും ഭാര്യ ഷഫീനയുടെയും മകൾ യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിനിയായ ഫിദ ഫാത്തിമയുടെയും ആവശ്യവും മറ്റൊന്നല്ല. യുക്രെയ്നിലെ സുമി സർവകലാശായിൽ രണ്ടാംവർഷ വിദ്യാർഥിനിയായ ഫിദ ഫാത്തിമയും ഒപ്പമുള്ള വിദ്യാർഥികളും നിലവിൽ കാര്യമായ ബുദ്ധിമുട്ടിലല്ലെന്നാണ് നാട്ടിൽ ലഭിക്കുന്ന വിവരം.
എന്നാൽ, അന്തരീക്ഷം പിന്നീട് എന്താകുമെന്ന് പറയാൻ പറ്റില്ലെന്നുള്ള ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ ആധിയൊഴിയാത്ത മനസ്സുമായാണ് രക്ഷിതാക്കൾ നാട്ടിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.