കൊടുങ്ങല്ലൂർ: ബ്രിട്ടനിൽനിന്ന് കളിപ്പാട്ടങ്ങളുടെ ഇടയിൽ വെച്ച് കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന മരിജുവാന വേട്ട നടത്തി കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് സംഘത്തിന്‍റെ ഓപറേഷൻ. കൊടുങ്ങല്ലൂർ ലോകമലേശ്വരം ഒ.കെ. ഹോസ്പിറ്റലിന് സമീപം വടക്കനോളിൽ വീട്ടിൽ ജാസിമിന് എത്തിയ മയക്കുമരുന്നാണ് പിടിയിലായത്.
ഇയാൾ നെതർലാൻഡിൽനിന്ന് ആലുവയിൽ പാർസൽ വഴി കൊക്കെയ്ൻ വാങ്ങിയതുമായി ബന്ധപ്പെട്ട എക്‌സൈസ് കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇതേ തുടർന്ന് ഇയാളുടെ ഇടപാടുകൾ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച കൊടുങ്ങല്ലൂർ പോസ്റ്റ് ഓഫിസ് വഴിയും മയക്കുമരുന്ന് എത്തിയത്.
കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാംനാഥിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റും ബ്രിട്ടനിലെത്തുന്ന മുന്തിയ ഇനം മരിജുവാനയാണ് ഏഷ്യൻ രാജ്യങ്ങളിലേക്കെത്തുന്നത്.
ഇത് കളിപ്പാട്ടങ്ങളുടെ ഇടയിൽ വെച്ച് ഇന്ത്യയിലേക്കെത്തിക്കുന്ന രീതിയിലാണ് പുതിയ മയക്കുമരുന്ന് വിപണി. മരിജുവാന ഡി.ജെ പാർട്ടികൾക്കും സിനിമ മേഖലയിലേക്കും ആണ് കടത്തുന്നതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. ജാസിം ഡി.ജെ. മേഖലയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. ഇയാളുടെ സിനിമ ബന്ധങ്ങളെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയായ ജാസിമിനെ എക്‌സൈസ് ജയിലിൽ പോയി അറസ്റ്റ് രേഖപ്പെടുത്തും.
പ്രിവന്റീവ് ഓഫിസർ പി.വി. ബെന്നി, എം.ആർ. നെൽസൺ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.കെ. അബ്ദുൽ നിയാസ്, എസ്. അഫ്സൽ, എ.എസ്. രിഹാസ്, കെ.എൽ. ലിസ, ഡ്രൈവർ സി.പി. സഞ്ജയ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.