കൊടുങ്ങല്ലൂർ: തൃശൂർ-എറണാകുളം അതിർത്തിയായ പുത്തൻവേലിക്കര കീഴൂപ്പാടം സദ്ബുദ്ധി മാതാവിന്റെ ദേവാലയാങ്കണത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി രണ്ടര ഏക്കറിൽ ക്രിസ്മസ് വില്ലേജ് ഒരുക്കുന്നു.
പ്രളയവും ഓഖിയും കോവിഡുമെല്ലാം അനുഭവിച്ച ഒരു നാടിന്റെ അതിജീവനത്തിന്റെ നേർസാക്ഷ്യമാണ് ക്രിസ്മസ് വില്ലേജ്. റബർ തോട്ടമാണ് പ്രകൃതിയോടിണങ്ങിയ ക്രിസ്മസ് വില്ലേജായി മാറുന്നത്. ലഹരിക്കെതിരെ എന്ത് ചെയ്യണമെന്ന ആലോചനയിൽ ഉടലെടുത്ത ആശയമാണ് പ്രതികൂല സാഹചര്യങ്ങളിൽ നിർത്തിവെച്ച ക്രിസ്മസ് വില്ലേജിന്റെ പുനഃസ്ഥാപനമെന്ന് ഇടവക വികാരി ആന്റണി ചില്ലിട്ടശ്ശേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡിസംബർ 24 മുതൽ ജനുവരി രണ്ടുവരെയാണ് പരിപാടി. വില്ലേജിൽ വിവിധ കലാപരിപാടികളും ഗെയിംസ്, നാടൻ ഭക്ഷ്യവിഭവങ്ങളുടെ ഫുഡ് കോർട്ട് എന്നിവയും ഒരുക്കുന്നുണ്ട്. കീഴൂപ്പാടം ഇടവക അംഗങ്ങളും വിവിധ മതസ്ഥരായ പ്രദേശവാസികളും ചേർന്ന് ആർട്ടിസ്റ്റ് ജോബി കോളരിക്കലിന്റെ നേതൃത്വത്തിലാണ് വില്ലേജ് ഒരുക്കുന്നത്.
തിരമാല, തടാകം, വയൽ, തോട്ടിലൂടെയുള്ള വഞ്ചിയാത്ര, പക്ഷിമൃഗാദികൾ, മേൽപാലം, ഏറുമാടം തുടങ്ങിയ വിസ്മയക്കാഴ്ചകളാണ് വില്ലേജിൽ ഒരുക്കുന്നത്. ഏകദേശം മൂന്ന് മാസമായുള്ള നാട്ടുകാരുടെ സർഗാത്മകപ്രയത്നമാണ് സഫലമാകുന്നത്. ദിവസവും വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയാണ് സന്ദർശകർക്ക് പ്രവേശനം. സാമുവൽ കുര്യാപ്പിള്ളി, പി.ജെ. തോമസ്, സേവി പടിയിൽ, ടൈസൻ പുത്തൻവീട്ടിൽ, അഖിൽ ഫ്രാൻസിസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.