കുന്നംകുളം: നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ് ടെർമിനൽ കം ഷോപ്പിങ്ങ് കോംപ്ലക്സ് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിക്കും. ഹെർബർട്ട് റോഡിൽ നിലവിലെ ടൗൺ ഹാളിനു സമീപത്താണ് അത്യാധുനിക രീതിയിൽ ബസ്സ്റ്റാന്‍റ് നിർമിച്ചിട്ടുള്ളത്. 15.45 കോടി ചെലവഴിച്ചാണ് ഇ.കെ. നായനാർ സ്മാരക ബസ് ടെർമിനൽ കം ഷോപ്പിങ്ങ് കോംപ്ലക്സ് ഒരുക്കിയിട്ടുള്ളത്.
മന്ത്രി എ.സി. മൊയ്തീന്‍റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.35 കോടി രൂപയും കുന്നംകുളം അർബൻ ബാങ്കിൽ നിന്ന് വായ്പയെടുത്ത 8.05 കോടിയും നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 3.05 കോടിയും ചിലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്.
35,678 ചതുരശ്ര അടി വിസ്തീർണവും ബസ് ടെർമിനലിനും 30,664 ചതുരശ്ര അടി ഷോപ്പിങ്ങ് കോപ്ലക്സിനുമുണ്ട്.
28 ബസുകൾ ഒരേ സമയം ട്രാക്കിൽ നിറുത്തിയിടാനും പുറത്തായിട്ട് 10 ബസുകൾ നിറുത്താനും സൗകര്യമുണ്ട്.
ശൗചാലയം, ലഘുഭക്ഷണ ശാല, വിശ്രമകേന്ദ്രം, യാത്രക്കാർക്ക് 200 ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. മുഴുവൻ സ്ഥലത്തും നിരീക്ഷണ ക്യാമറയുമുണ്ട്.
യാത്രക്കാർക്ക് വ്യാപാര സമുച്ചയത്തിലൂടെ പ്രവേശനം ഒരുക്കിയതിനാൽ അപകട രഹിത കാൽനട സഞ്ചാരം ഉറപ്പാക്കാം. തൃശൂർ ഗവ എഞ്ചിനിയറിങ്ങ് കോളജ് ആർക്കിടെക്ച്ചർ മേധാവി ജോൽസന റാഫേലാണ് ഇതിന്‍റെ രൂപകല്പന തയ്യാറാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.
നിർമാണത്തിന് ധാരണപത്രത്തിൽ ഒപ്പിട്ട് ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത് നിലവിലെ ഭരണ സമിതിയുടെ കൂട്ടായ സഹകരണം മൂലമാണെന്ന് ചെയർപേഴ്സൻ സീത രവീന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.