കുന്നംകുളം: 35ാം ജില്ല കൗമാര കലാമാമാങ്കത്തിന് തിരശീലയുയർന്നു. ആദ്യദിന മത്സരങ്ങൾ പിന്നിട്ടപ്പോൾ ചാവക്കാട് ഉപജില്ലയാണ് 132 പോയന്റോടെ മുന്നിൽ. 131 പോയന്റ് നേടി തൃശൂർ ഈസ്റ്റ്, കൊടുങ്ങല്ലൂർ ഉപജില്ലകൾ തൊട്ടുപിന്നിലുണ്ട്. 128 പോയന്റോടെ വലപ്പാട് നാലാം സ്ഥാനത്തും ആതിഥേയരായ കുന്നംകുളം അഞ്ചാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ മുല്ലശ്ശേരി ഉപജില്ലയിലെ പാവറട്ടി സെന്റ് ജോസഫ് എച്ച്.എസ്.എസ് 54 പോയന്റോടെ ഒന്നാം സ്ഥാനത്തും തൃശൂർ ഈസ്റ്റിലെ സേക്രഡ്ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി 44 പോയന്റ് നേടി രണ്ടാം സ്ഥാനത്തും ചെന്ത്രാപ്പിന്നി സി.എച്ച്.എസ്.എസ് സ്കൂൾ 43 പോയന്റോടെ മൂന്നാംസ്ഥാനത്തുമുണ്ട്.
ആദ്യദിനമായ ചൊവ്വാഴ്ച സ്റ്റേജിതര മത്സരങ്ങൾക്ക് പുറമെ ഹയർസെക്കൻഡറി വിഭാഗം സ്റ്റേജ് മത്സരങ്ങളാണ് അരങ്ങുതകർത്തത്.
കുന്നംകുളം ടൗൺ ഹാൾ, ഗവ. മോഡൽ ബോയ്സ് സ്കൂൾ, ബഥനി സ്കൂൾ എന്നിവിടങ്ങൾ പ്രധാനവേദികളാക്കി നഗരപരിസരത്തെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തിയാണ് മത്സരം അരങ്ങേറുന്നത്. രണ്ടുദിനങ്ങളിലായി മഴ തുടർന്നതോടെ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നേരിയ തടസ്സം നേരിട്ടു.
ആദ്യദിനം മഴ കാരണം മത്സരങ്ങൾ ആരംഭിക്കാൻ ഒന്നര മണിക്കൂർ വൈകി. ഇത് പലയിടത്തും മത്സരം അവസാനിപ്പിക്കാനും താമസം നേരിട്ടു. രാത്രി വൈകിയാണ് രണ്ട് വേദികളിൽ മത്സരം കഴിഞ്ഞത്. മൂകാഭിനയം, നാടകം, കോൽക്കളി, ഒപ്പന, വട്ടപ്പാട്ട്, നാടോടിനൃത്തം, സംഘഗാനം, കുച്ചുപ്പുടി തുടങ്ങിയവയാണ് ചൊവ്വാഴ്ച നടന്നത്.
മഴകാരണം ഭക്ഷണശാലയിലെ ക്രമീകരണങ്ങളും ഭാഗികമായി തടസ്സപ്പെട്ടു. ഭക്ഷണം കഴിച്ചശേഷം കൈ കഴുകലാണ് മത്സരാർഥികളെയും വിദ്യാർഥികളെയും വലച്ചത്.
പലവേദികളിൽ നിന്നും ഭക്ഷണം കഴിക്കാൻ പോകുന്നവർക്കായി വാഹനങ്ങൾ ക്രമീകരിച്ചിരുന്നെങ്കിലും ചിലയിടത്ത് ഗതാഗത തടസ്സം നേരിട്ടതും മത്സരാർഥികളെ വലച്ചു. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി വളന്റിയേഴ്സ്, എൻ.സി.സി, പൊലീസ് എന്നിവരും രംഗത്തുണ്ടായിരുന്നു.
ഇനി വ്യാഴാഴ്ച മുതലാണ് കലോത്സവം നടക്കുക. ശനിയാഴ്ച സമാപിക്കും. 12 ഉപജില്ലകളിൽ നിന്നായി 10000 ത്തോളം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. 17 വേദികളാണ് ഒരുക്കിയിട്ടുള്ളത്.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് ടൗൺഹാളിൽ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കവി റഫീക്ക് അഹമ്മദ്, ജില്ല കലക്ടർ അർജ്ജുൻ പാണ്ഡ്യൻ തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.