കുന്നംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ്, 10 വർഷമായി ശരീരം തളർന്ന് കിടപ്പിലായ വിഷ്ണുവിന്റെ ജീവിതം കണ്ട് പതറിയ കുടുംബത്തിന് തണലേകുകയാണ് സഹപാഠികളും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയും.
ചെമ്മന്തട്ട കൊട്ടിലിങ്ങൽ കുമാരൻ-പ്രീതി ദമ്പതികളുടെ മൂത്ത മകനാണ് വിഷ്ണു. പത്താം ക്ലാസിൽ പഠിക്കുന്ന സമയം 2014 ഡിസംബറിലാണ് കിഴൂർ പൂരത്തിന്റെ തലേന്നാൾ സുഹൃത്തുമൊത്ത് ഗാനമേള കണ്ട് മടങ്ങുന്നതിനിടെ ബൈക്ക് തെന്നിവീണ് അപകടമുണ്ടായത്.
ദീർഘകാലം തൃശൂർ മെഡിക്കൽ കോളജ്, അമല എന്നിവിടങ്ങളിൽ ചികിത്സ തേടി. ജീവൻ നിലനിർത്താനായെങ്കിലും ശരീരം തളർന്ന് ചലനമറ്റ അവസ്ഥയിലായി.
ദീർഘകാലം ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ സാമ്പത്തിക ചെലവുകളെക്കുറിച്ചുള്ള ആശങ്കയിലായ കുടുംബത്തിനു മുന്നിൽ പൊതുപ്രവർത്തകൻ ലബീബ് ഹസ്സൻ വിഷ്ണുവിനെ സന്ദർശിക്കാൻ പഴുന്നാനയിലെ വീട്ടിലെത്തി.
വിവരങ്ങൾ മനസ്സിലാക്കിയ അദ്ദേഹം വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി രംഗത്തിറങ്ങി.
വിഷ്ണു പഠിച്ച മരത്തംകോട് ഗവ. ഹൈസ്കൂൾ, ചെമ്മണൂർ അപ്പുണ്ണി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സഹപാഠികളുടെ വിലാസവും ഫോൺ നമ്പറും ശേഖരിച്ച് 2015 മാർച്ചിൽ യോഗം വിളിച്ചു കൂട്ടി. ആ യോഗത്തിൽ 50 ഓളം സഹപാഠികൾ പങ്കെടുത്തു. അന്നെടുത്ത തീരുമാനമാണ് വിഷ്ണുവിന്റെ കുടുംബത്തെ ചേർത്തുനിർത്തണമെന്നത്. അന്ന് സഹപാഠികളിൽ പലരും ഡിഗ്രിക്കും മറ്റും പഠിക്കുകയായിരുന്നു.
സഹപാഠിയെ സഹായിക്കാൻ മാസംതോറും നിശ്ചിത തുക എല്ലാവരും ചേർന്ന് പിരിച്ചെടുത്ത് വിഷ്ണുവിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാനായിരുന്നു തീരുമാനം.
കഴിഞ്ഞ 10 വർഷമായി അത് ചെയ്തു വരുന്നുണ്ട്. പ്ലസ്ടു പഠനം പൂർത്തീകരിച്ച മൂത്ത സഹോദരിയെ ലാബ് ടെക്നീഷ്യൻ കോഴ്സിന് ചേർക്കാനും ഫീസടക്കാനും ഷെയർ ആൻഡ് കെയറും സഹപാഠികളുടെ കൂട്ടായ്മയും നേതൃത്വം നൽകി. സഹോദരിയുടെ വിവാഹ സമയമായതോടെ കൂട്ടായ്മയിലൂടെ അഞ്ചു പവൻ സമ്മാനമായും നൽകി. 10 വർഷക്കാലയളവിൽ ഓണത്തിനും വിഷുവിനും വിഷ്ണുവിന് പുതുവസ്ത്രങ്ങൾ എത്തിച്ചുനൽകാൻ സഹപാഠികൾ മറക്കാറില്ല.
ഞായറാഴ്ച വിഷ്ണുവിന്റെ ഇളയ സഹോദരിയും വിവാഹിതയായി. വിവരമറിഞ്ഞതോടെ ഷെയർ ആൻഡ് കെയറും സഹപാഠികളുടെ കൂട്ടായ്മയും ചേർന്ന് ശനിയാഴ്ച അഞ്ചു പവൻ സ്വർണം വീട്ടിലെത്തി സമ്മാനിച്ചു.
സഹപാഠികളുടെ കൂട്ടായ്മ 50000 രൂപയും ചെന്നൈയിലെ വ്യവസായി തങ്ങളുടെ മാതാവ് മേരി ജോണിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി മൂന്നു പവൻ സ്വർണവും ശേഷിക്കുന്ന തുക ഷെയർ ആൻഡ് കെയറും നൽകുകയായിരുന്നു.
വിവാഹാവശ്യത്തിന് പോകാനുള്ള വാഹനവും വധുവിന്റെ മേക്കപ്പും വിഷ്ണുവിന്റെ സഹപാഠികളിൽ ചിലരുടെ സമ്മാനമാണ്.
ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലബീബ് ഹസ്സൻ സ്വർണ സമ്മാനം വിഷ്ണുവിന് കൈമാറി.
ഷമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, ജിനാഷ് തെക്കേക്കര, സി.കെ. അപ്പുമോൻ, പി. സതീഷ് കുമാർ, എ.എ. ഹസ്സൻ, പി.എം. ബെന്നി, ഇ.എം.കെ. ജിഷാർ, കെ.വി. സാംസൺ, ജസ്റ്റിൻ പോൾ, ജിനീഷ് നായർ, ഷക്കീർ കെ. ഹൈദ്രോസ്, അഷ് ലിൻ ജെയിംസ്, കെ.എസ്. സമർനാഥ്, കെ.എ. രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വിഷ്ണുവിന്റെ ജീർണിച്ച വീടിന്റെ അറ്റകുറ്റപ്പണികൾ മാസങ്ങൾക്കു മുമ്പ് കുന്നംകുളം പാലിയേറ്റിവ് കെയർ യൂനിറ്റിന്റെ ധനസഹായത്തോടെ ചെയ്തു നൽകിയിരുന്നു. സഹപാഠി കൂട്ടായ്മക്ക് വിദേശത്തുള്ള മുഹമ്മദ് ശരീഫ്, വി.എച്ച്. ജുസൈർ, നാട്ടിലുള്ള മുഹമ്മദ് സഹിദ് അഹ്സനി, മുഹമ്മദ് ജലാൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.