കുന്നംകുളം: ആദ്യ മഴയിൽ തന്നെ കുന്നംകുളം നഗരം മുങ്ങി. വെള്ളക്കെട്ട് രൂക്ഷമായത് വാഹനങ്ങളെയും വഴിയാത്രക്കാരെയും ദുരിതത്തിലാക്കി. കുന്നംകുളം ട്രഷറി റോഡ്, ഭാവന തിയറ്റർ പരിസരമാണ് വെള്ളക്കെട്ടിലായത്. നവീകരണത്തിനായി മാസങ്ങൾക്ക് മുമ്പ് പൊളിച്ച റോഡിന്റെ നിർമാണം നിലച്ചിട്ട് ആഴ്ചകളായി. ബില്ലുകൾ മാറിക്കിട്ടാത്തതിനാൽ കരാറുകാർ പണി നിർത്തിയതാണെന്നും സൂചനയുണ്ട്.
കലുങ്ക് നിർമാണവും പാതിവഴിയിലാണ്. അശാസ്ത്രീയമായാണ് റോഡിന്റെ ഇരുവശത്തും കാന പണിയുന്നതെന്ന ആരോപണം നിർമാണം ആരംഭിച്ച ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു.
വെള്ളക്കെട്ട് രൂക്ഷമായതോടെ പരിസരത്തെ വ്യാപാരികൾ നഗരസഭയിലേക്ക് വിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കുക പോലും ചെയ്തില്ലെന്ന് പരാതിയുണ്ട്. ഒടുവിൽ വ്യാപാരികൾ തന്നെ കൈക്കോട്ടുപയോഗിച്ച് റോഡിന്റെ ഒരു വശത്ത് കാന കീറി വെള്ളം കാനയിലേക്ക് ഒഴുക്കുകയായിരുന്നു. മഴക്കാലം വന്നതോടെ രൂക്ഷമായ വെള്ളക്കെട്ടിനെ കൂടി അതിജീവിക്കേണ്ട ഗതികേടിലാണ് മേഖലയിലെ കച്ചവടക്കാർ.
ചെറുതുരുത്തി: ആദ്യ മഴയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ വെള്ളം കയറി. പ്രതിഷേധവുമായി നാട്ടുകാർ. മുൻകരുതൽ സ്വീകരിക്കാതെ കുടുംബാരോഗ്യകേന്ദ്രം കെട്ടിടത്തിന് മുകളിൽ നിർമാണം നടത്തുന്നതാണ് വെള്ളക്കെട്ടിന് കാരണം.
ശക്തമായ മഴ പെയ്തതോടെ വെള്ളം കോണി മുറിയിലൂടെ കെട്ടിടത്തിനുള്ളിൽ എത്തുകയായിരുന്നു. ഡോക്ടർമാരുടെ മുറി, ലാബ്, ഫാർമസി എന്നിവയെല്ലാം വെള്ളത്തിലായി. ആശുപത്രി പ്രവർത്തനം സ്തംഭിച്ചു. സാധന സാമഗ്രികൾ നശിക്കാതിരിക്കാൻ ജീവനക്കാർ കഷ്ടപ്പെട്ടു. കെട്ടിടത്തിന് മുകളിൽ മുറികൾ, ഡോർമിറ്ററി എന്നിവയുടെ നിർമാണമാണ് നടക്കുന്നത്.
ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ വേലിയേറ്റം രൂക്ഷം. തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡ് ഭീഷണിയിൽ. കടൽക്ഷോഭ പ്രദേശങ്ങൾ ടി.എൻ. പ്രതാപൻ എം.പി സന്ദർശിച്ചു. കടപ്പുറം പഞ്ചായത്തിൽ തൊട്ടാപ്പ് മുതൽ തെക്കോട്ട് മുനക്കക്കടവ് വരെ തീരമേഖലയിൽ കടൽ ഭിത്തി അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. ഇതിനിടയിൽ ജിയോ ബാഗ് സ്ഥാപിച്ചത് മുഴുവൻ തകർന്നുപോയി.
തീരമേഖലയിൽ പല ഭാഗത്തും കടൽഭിത്തി വീണ് ചിതറിക്കിടക്കുകയാണ്. സ്ഥലം സന്ദർശിച്ച ടി.എൻ. പ്രതാപൻ എം.പി സംസ്ഥാന ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിനുമായി ബന്ധപ്പെട്ട് കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ പ്രദേശങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിസിരിയ മുസ്താഖലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, വി.പി. മൻസൂറലി, സാലിഹ ഷൗക്കത്ത്, കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. മുസ്താഖ് അലി എന്നിവരും എം.പിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.