മുകുന്ദൻ മുള്ളൂർക്കര റെയിൽവേ സ്‌റ്റേഷനിൽ

റെയിൽവേയിൽ ജോലിയുണ്ട്; ഓണമുണ്ണാൻ ചില്ലിക്കാശില്ല

ചെറുതുരുത്തി: ഒരു പൈസയും വേതനം കൈപ്പറ്റാതെ റെയിൽവേക്ക് വേണ്ടി അഞ്ചു മാസമായി ജോലി ചെയ്യുന്ന ഒരാളുണ്ട്​ മുള്ളൂർക്കരയിൽ. ലോക്ഡൗൺ വന്നതിനുശേഷം മുള്ളൂർക്കര റെയിൽവേ സ്‌റ്റേഷനിൽ വൈകീട്ട് വന്ന് പ്ലാറ്റ​്​ഫോമി​ൽ ലൈറ്റിടുകയും പിറ്റേ ദിവസം രാവിലെ 5.30ന് വന്ന് ലൈറ്റ് ഓഫാക്കുകയും ചെയ്യുകയാണ് മുള്ളൂർക്കര സ്വദേശിയായ മുകുന്ദ‍​െൻറ ജോലി. 13 വർഷമായി മുള്ളൂർക്കര റെയിൽവേ സ്‌റ്റേഷനിൽ കമീഷൻ വ്യവസ്ഥയിൽ റെയിൽവേ ടിക്കറ്റ് വിൽക്കുന്ന വ്യക്തിയാണ്​ 51കാരനായ ഇദ്ദേഹം.

പത്ത് പാസഞ്ചർ ട്രെയിനുകളാണ് ഈ സ്‌റ്റേഷനിൽ നിർത്തുന്നത്. ഇതിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് കമീഷൻ വ്യവസ്ഥയിൽ ടിക്കറ്റ് വിറ്റാണ് കുടുംബം നോക്കിയിരുന്നത്. എന്നാൽ അത് ഇല്ലാതെയായിട്ട് അഞ്ചുമാസം കഴിഞ്ഞു. കോവിഡ് വന്നതോടെ മാർച്ച് 25 മുതൽ റെയിൽവേ സ്‌റ്റേഷൻ അടച്ചിട്ടു. റെയിൽവേ സ്‌റ്റേഷനിൽ കമ്പ‍്യൂട്ടർ സംവിധാനം ഇല്ലാത്തതിനാൽ വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ടിക്കറ്റുകൾ വാങ്ങിക്കേണ്ടത്. 20,000 രൂപ മുടക്കി വാങ്ങിച്ച ടിക്കറ്റ് കൈയിലിരിക്കുകയാണ്.

ഇപ്പോൾ ഈ റെയിൽവേ ട്രാക്കിലൂടെ കുറച്ച് ചരക്ക് ട്രെയിനുകളും ഒന്നോ രണ്ടോ ട്രെയിനുകളും മാത്രമാണ് പോകുന്നത്. വേറെ തൊഴിലിനു പോകാൻ പറ്റാത്ത അവസ്ഥയിലാണ്. കാരണം വൈകീട്ട് വന്ന് റെയിൽവേ സ്‌റ്റേഷനിലെ എല്ലാ ലൈറ്റുകളും ഓണാക്കുകയും രാവിലെ ഓഫാക്കുകയും ചെയ്യേണ്ടതുണ്ട്. വരുമാനമില്ലാത്തതിനാൽ ഇത്തവണത്തെ ഓണം കുടുംബമൊത്ത് ആഘോഷിക്കാൻ പറ്റാത്ത വിഷമത്തിലാണ് ഇദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.